ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചു; ഖസീമിൽ 19 വാട്ടർ ഫില്ലിങ് സ്റ്റേഷനുകൾ സൗദി ജല അതോറിറ്റി അടച്ചുപൂട്ടി
text_fieldsബുറൈദ: ജല ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ഖസീം പ്രവിശ്യയിലെ 19 വാട്ടർ ഫില്ലിങ് സ്റ്റേഷനുകൾ സൗദി ജല അതോറിറ്റി അടച്ചുപൂട്ടി.
രാജ്യത്തുടനീളം അതോറിറ്റി നടത്തിവരുന്ന കർശനമായ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി. അംഗീകൃതമായ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, ജലത്തിെൻറ ഗുണനിലവാരത്തിൽ വീഴ്ച വരുത്തുക തുടങ്ങി ഒട്ടേറെ നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വിതരണം ചെയ്യുന്ന ജലത്തിെൻറ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും അടിയന്തര നടപടികൾ അനിവാര്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി. മനുഷ്യോപയോഗത്തിന് അനുയോജ്യമായ രീതിയിൽ ജലത്തിെൻറ സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് അതോറിറ്റി ഓർമിപ്പിച്ചു. ലൈസൻസുള്ള ജലസ്രോതസ്സുകൾ മാത്രം ഉപയോഗിക്കണമെന്നും നിശ്ചിത നിബന്ധനകൾ നടപ്പാക്കണമെന്നും നിർദേശമുണ്ട്. രാജ്യവ്യാപക പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും സൗദി ജല അതോറിറ്റി അറിയിച്ചു.
ജല സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാൻ ഉപഭോക്താക്കളോടും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

