‘അഹ്ലൻ പൊന്നാനി’മാനവികതയാണ് പൊന്നാനിയുടെ പ്രത്യയശാസ്ത്രം -ആലങ്കോട് ലീലാകൃഷ്ണൻ
text_fieldsകവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ റിയാദ് ഡി.പി സ്കൂളിൽ നടന്ന ‘അഹ്ലൻ പൊന്നാനി’ സാംസ്കാരിക സന്ധ്യയിൽ സംസാരിക്കുന്നു
റിയാദ്: പൊന്നാനി ഒരു പ്രദേശത്തിന്റെ പേരല്ലെന്നും ഒരു സംസ്കാരത്തിന്റെ പേരാണെന്നും മത വർഗ വർണ വൈവിധ്യങ്ങളുടെ നാടാണതെന്നും പൊന്നാനി സ്വദേശിയും കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. പൊന്നാനി പ്രദേശത്തുകാരുടെ കൂട്ടായ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദിൽ സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടശ്ശേരിയും എം.ടിയും മഖ്ദൂമും തുടങ്ങി നിരവധി കവികളും എഴുത്തുകാരും സാമൂഹിക പരിഷ്കർത്താക്കളും ജനിച്ചുവാണ പൊന്നാനി ലോകത്തിന് ഒരു സ്വപ്നം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. അത് മാനുഷികതയുടെ, സഹവർത്തിത്വത്തിന്റെ ഏകലോകമായിരുന്നു.
മാനവികയുടെ ആ പ്രത്യയശാസ്ത്രമാണ് പൊന്നാനിയിലെ ജനങ്ങൾ പിൻതുടരുന്നത്. സ്നേഹം വർധിക്കുമ്പോൾ മനുഷ്യരുടെ മുഖത്തുണ്ടാകുന്ന സവിശേഷമായ ചൈതന്യമാണ് ‘സുന്ദരന്മാരും സുന്ദരികളു’മാക്കി നമ്മെ മാറ്റുന്നതെന്ന് ഉറൂബ് പഠിപ്പിക്കുന്നു.
ആശാരിയും മൂശാരിയും തട്ടാരും തുടങ്ങി ആരായാലും ശരി, നിങ്ങൾ മനുഷ്യൻ മാത്രമാണെന്ന് അർഥമുള്ള അറബിക്കവിത പള്ളിച്ചുമരിൽ എഴുതിവെച്ച വെളിയംകോട് ഉമർ ഖാദി മുന്നോട്ട് വെച്ചതും ഈ മാനവികതയാണ്. ‘തുഹ്ഫത്തുൽ മുജാഹിദീൻ’ രചിച്ച സൈനുദ്ദീൻ മഖ്ദൂം രണ്ടാമനും, മക്തി തങ്ങളും, ഇടശ്ശേരിയും, വള്ളത്തോളും മാധവിക്കുട്ടിയും, സി. രാധാകൃഷ്ണനും, കെ.പി. രാമാനുണ്ണിയുലൂടെയെല്ലാം വളർന്നുവികസിച്ച ഒരു സാഹിത്യ സംസ്കാരം പൊന്നാനിക്കുണ്ട്.
മനുഷ്യർ ഏകോദര സഹോദരങ്ങളായി ജീവിക്കാനുള്ള നിക്ഷേപമാണ് പൊന്നാനിയുടെ ഈ സാഹിത്യ സമ്പത്തെന്ന് അദ്ദേഹം പറഞ്ഞു. മതങ്ങൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ജനങ്ങളെ ഒന്നിപ്പിക്കുവാൻ ആഗ്രഹമുണ്ടെങ്കിലും ഇതുവരെ അത് സാധ്യമായിട്ടില്ല. എന്നാൽ കലയും സാഹിത്യവും സർഗാത്മകതയും മനുഷ്യരെ ഒന്നിപ്പിക്കും.
ഒരു അറബിക് ഗാനം കേട്ടാലും ഇംഗ്ലീഷ് ഗാനം കേട്ടാലും ഒരു നാടൻ പാട്ട് കേട്ടാലും അത് നല്ലതാണെങ്കിൽ മനുഷ്യരിൽ ഏകത്വമുണ്ടാകും.
ഒരു പാരഡി പാട്ടിന്റെ പിന്നാലെ പോകുന്നത് അസംബന്ധമാണെന്നും അദ്ദേഹം പരാമർശിച്ചു. ഇലകൾ പരസ്പരം തൊടരുതെന്ന് കരുതി നാം അകറ്റി നട്ട വൃക്ഷങ്ങൾ, വേരുകൾ കൊണ്ട് മണ്ണിനടിയിലൂടെ പരസ്പരം കെട്ടിപ്പുണരുന്നുവെന്ന വീരാൻ കുട്ടിയുടെ കവിതയുദ്ധരിച്ച് മനുഷ്യന്റെ സ്നേഹ സൗഹൃദങ്ങളെ നിഷേധിക്കുവാൻ ഒരു ഫാഷിസ്റ്റ് വർഗീയ വാദികൾക്കും സാധിക്കില്ലെന്ന് ആലങ്കോട് അടിവരയിട്ടു.
പ്രാചീനകാലത്ത് കാറ്റിന്റെ മാത്രം സഹായത്താൽ ഇവിടെനിന്നും നമ്മുടെ പൊന്നാനിയിലോ പന്തലായനി തുറമുഖത്തോ അണഞ്ഞ പായ്ക്കപ്പലുകൾ വിളക്കിച്ചേർത്തത് രണ്ടു കരകൾ തമ്മിൽ അണയാത്ത സൗഹൃദത്തിന്റെ ദീപങ്ങളായിരുന്നുവെന്ന് അറബ് നാടുകളുമായുള്ള ബന്ധങ്ങളെയും പ്രവാസി ജീവിതത്തെയും മുൻനിർത്തി അദ്ദേഹം പറഞ്ഞു.
ചരിത്രത്തിന്റെയും കവിതകളുടെയും കഥകളിലൂടെയും വാഗ്ധോരണികളിൽ സമൃദ്ധമായ കവിയുടെ വാക്കുകൾ ആവേശത്തോടെയും കരഘോഷത്തോടെയുമാണ് സദസ്സ് ഏറ്റുവാങ്ങിയത്.
ദേവിക നൃത്ത കലാക്ഷേത്ര അവതരിപ്പിച്ച ‘സ്വാഗതാജ്ഞലി’യോടെയായിരുന്നു പരിപാടിയുടെ ഔപചാരിക തുടക്കം. മീഡിയ കൺവീനർ ലബീബ് മാറഞ്ചേരി ആമുഖ പ്രസംഗം നടത്തി. പൊന്നാനി ഗ്ലോബൽ ട്രഷറർ അടാട്ട് വാസുദേവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിസാർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകനായ ഡോ.കെ.ആർ. ജയചന്ദ്രൻ, സലീം കളക്കര എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അൻവർ ഷാ നന്ദിയും പറഞ്ഞു.
പായസ മത്സരം ക്ലേ മോഡലിങ്, കിഡ്സ് ഫെസ്റ്റ്, മൂസിക്ക് ഫെസ്റ്റ്, ജാഫർ ആഷിഖ് നയിച്ച ഖവാലി നൈറ്റ്, ജാഫർ പെരുമ്പടപ്പ് അതവരിപ്പിച്ച ഓഷ്യൻ ഓഫ് മൂസിക് എന്നീ പരിപാടികൾ പൊന്നാനി ഹെറിറ്റേജിന് പൊലിമ പകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

