ഹജ്ജ് സേവനങ്ങൾ മെച്ചപ്പെടുത്താൻ തീർഥാടകർ അഭിപ്രായങ്ങൾ പങ്കുവെക്കണം: സൗദി ഹജ്ജ്-ഉംറ മന്ത്രി
text_fieldsസൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ
ജിദ്ദ: വരാനിരിക്കുന്ന ഹജ്ജ് സീസണുകളിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി തീർഥാടകർ തങ്ങളുടെ ഹജ്ജ് അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കണമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ആഹ്വാനം ചെയ്തു. തീർഥാടകരുടെ അനുഭവങ്ങൾ നേരിട്ട് കേൾക്കുന്നതിനും അവരുടെ ഫീഡ്ബാക്കുകളും ശിപാർശകളും സ്വീകരിക്കുന്നതിനും മന്ത്രാലയം നൽകുന്ന പ്രാധാന്യം ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെയാണ് മന്ത്രി വ്യക്തമാക്കിയത്.
ഹജ്ജ് സേവനങ്ങളുടെ നടത്തിപ്പിലും മുന്നൊരുക്കങ്ങളിലും തുടർച്ചയായ പുരോഗതി കൈവരിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ അടിവരയിടുന്നത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിലും അവരുടെ ആത്മീയ യാത്രയെ കൂടുതൽ സമ്പന്നമാക്കുന്നതിലും ഇത്തരം നിർദേശങ്ങൾ നിർണായക പങ്ക് വഹിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തീർഥാടകർ നേരിട്ടുകണ്ട് ബോധ്യപ്പെട്ട കാര്യങ്ങളും അവരുടെ ആശയങ്ങളും ഹജ്ജ് സേവനങ്ങളിലെ പോരായ്മകൾ പരിഹരിക്കാൻ ഏറെ സഹായകരമാകും. യാത്രയുടെ ഓരോ ഘട്ടത്തിലും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഭാവി ഒരുക്കങ്ങൾ കുറ്റമറ്റതാക്കുന്നതിനും ഇത് ഗണ്യമായ സംഭാവന നൽകും. ഗുണഭോക്താക്കളുടെ നേരിട്ടുള്ള ഇടപെടലുകളിലൂടെ സേവനങ്ങൾ വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. തീർഥാടകരുടെ നേരിട്ടുള്ള അനുഭവങ്ങൾക്കും അനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയ ശേഷമുള്ള അവരുടെ പ്രതികരണങ്ങൾക്കും മന്ത്രാലയം വലിയ മുൻഗണനയാണ് നൽകുന്നതെന്ന് ഡോ. തൗഫീഖ് അൽ റബീഅ വിശദീകരിച്ചു.
2026 ലെ ഹജ്ജ് സീസണിൽ, തീർഥാടകർ രാജ്യത്ത് എത്തുന്നതു മുതൽ കർമങ്ങൾ പൂർത്തിയാക്കി മടങ്ങുന്നതുവരെ വിപുലമായ സാങ്കേതിക, സംഘടന, സേവന സംരംഭങ്ങളാണ് സൗദി ഒരുക്കിയിട്ടുള്ളത്. ഡിജിറ്റൽ സംവിധാനങ്ങളും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയ ഒരു സംയോജിത ശൃംഖലയിലൂടെയാണ് ഈ ശ്രമങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്. രാജ്യത്തിന്റെ ‘വിഷൻ 2030’ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഡിജിറ്റൽ സേവനങ്ങളുടെയും സ്മാർട്ട് ആപ്ലിക്കേഷനുകളുടെയും വലിയ തോതിലുള്ള വികാസവും ഈ സീസണിൽ നടപ്പാക്കുകയുണ്ടായി.
തീർഥാടകർക്ക് കൂടുതൽ സുഗമവും സുഖകരവും സുരക്ഷിതവുമായ അനുഭവം ഉറപ്പാക്കാനാണ് സൗദി അറേബ്യ നിരന്തരം ശ്രമിക്കുന്നത്. ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരിൽനിന്ന് ലഭിക്കുന്ന വിവരങ്ങളും അഭിപ്രായങ്ങളും കൃത്യമായി വിശകലനം ചെയ്ത്, ഓരോ വർഷവും ഹജ്ജ് നിർവഹണ സംവിധാനം കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

