ഉച്ചസമയത്തെ ജോലി നിരോധം; 1910 നിയമലംഘനങ്ങൾ രേഖപ്പെടുത്തി
text_fieldsറിയാദ്: സൗദിയിൽ ഉച്ചവെയിലിലെ ജോലി നിരോധിച്ചുള്ള തീരുമാനം സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി നടത്തിയ പരിശോധനയിൽ 1,910 ലംഘനങ്ങൾ കണ്ടെത്തി. മാനവ വിഭവശേഷി, സമൂഹ വികസന മന്ത്രാലയത്തിന്റെ പരിശോധന സംഘങ്ങൾ രാജ്യത്തുടനീളം 17,000-ത്തിലധികം ഫീൽഡ് സന്ദർശനങ്ങൾ നടത്തിയപ്പോഴാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയത്. ജൂൺ 15ന് തീരുമാനം നടപ്പിലാക്കിയതിനുശേഷം ആഗസ്റ്റ് 26 വരെ 300 ലധികം പരാതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ സ്വീകരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തു.
അതേസമയം, നാഷനൽ കൗൺസിൽ ഫോർ ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്തുമായി സഹകരിച്ച് തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും ഇടയിൽ തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും സംബന്ധിച്ച് അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ മാനവ വിഭവശേഷി മന്ത്രാലയം ശക്തമാക്കി. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനും തൊഴിൽ സുരക്ഷക്കും ആരോഗ്യ നിബന്ധനകൾക്കും അനുസൃതമായി സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും വേനൽക്കാലത്ത് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. പ്രതിരോധ സംസ്കാരം പ്രോത്സാഹിപ്പിക്കുക, നിയന്ത്രണങ്ങൾ പൂർണമായി പാലിക്കുക, വിവിധ തൊഴിലിടങ്ങളിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു സംയോജിത സംവിധാനത്തിന്റെ ഭാഗമാണ് ഈ അവബോധം വളർത്താനുള്ള ശ്രമങ്ങളെന്ന് മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

