ഓർമച്ചെപ്പിലെ ഒരേയൊരു വോട്ട്; പ്രവാസിയുടെ രാഷ്ട്രീയ വിലാപങ്ങൾ
text_fieldsകേരളം മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പിെൻറ പടിവാതിൽക്കൽ നിൽക്കുമ്പോൾ, മണലാരണ്യത്തിലെ ചൂടിനേക്കാൾ രാഷ്ട്രീയ ആവേശത്തിലാണ് പ്രവാസി മലയാളികൾ. റിയാദിലെ ബത്ഹയിലെ ചായക്കടകളിലും ലേബർ ക്യാമ്പുകളിലും ഇപ്പോൾ ചർച്ചാവിഷയം നാട്ടിലെ വോട്ടും സ്ഥാനാർഥികളുമാണ്. എന്നാൽ, പതിറ്റാണ്ടുകളായി പ്രവാസലോകത്ത് കഴിയുന്ന പലർക്കും വോട്ട് എന്നത് ഇന്നും ഒരു ‘നിറമുള്ള ഓർമ’ മാത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം ആ ഓർമക്ക് സവിശേഷമായ ഒരു മധുരമുണ്ട്; കാരണം ജീവിതത്തിൽ ഞാൻ ചെയ്ത ഒരേയൊരു വോട്ട് സ്വന്തം പേരിന് നേരെയായിരുന്നു. വർഷങ്ങൾക്ക് മുമ്പ്, ഇന്നത്തെപ്പോലെ ഡിജിറ്റൽ പ്രചാരണങ്ങളില്ലാത്ത കാലത്താണ് ആ സംഭവം. അന്ന് ലോക്ദൾ (ഇന്നത്തെ ജനതാദൾ എസ്) എൽ.ഡി.എഫ് മുന്നണിയുടെ ഭാഗമായി കോഴിക്കോട് സജീവമായിരുന്നു ഞാൻ. എന്നാൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അർഹമായ സീറ്റുകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി അഞ്ച് സീറ്റുകളിൽ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു.
ചെറൂട്ടി റോഡിലെ ദേശഭിമാനി ബ്യൂറോക്ക് താഴെയുള്ള പ്രസിൽ ബ്ലോക്കുകൾ ഉണ്ടാക്കി പോസ്റ്ററുകൾ അച്ചടിക്കുന്ന തിരക്കിനിടയിലാണ് സ്പോർട്സ് മന്ത്രിയായിരുന്ന എ. നീലലോഹിതദാസെൻറ സന്ദേശം വരുന്നത്, സ്ഥാനാർഥികൾ പിന്മാറണം. നാലുപേർ പിന്മാറിയെങ്കിലും ഞാൻ വാർഡിൽ സ്വതന്ത്രനായി ഉറച്ചുനിന്നു. അങ്ങനെ തെൻറ ജീവിതത്തിലെ ആദ്യ വോട്ട് സ്വന്തം പേരിൽ തന്നെ രേഖപ്പെടുത്തി. പിന്നീട് പ്രവാസിയായതോടെ വോട്ടർ പട്ടികയിൽനിന്ന് ആ പേര് മാഞ്ഞുപോയി.
നിഷേധിക്കപ്പെടുന്ന വോട്ടവകാശം
പ്രവാസികൾക്ക് വോട്ടവകാശം വേണമെന്ന മുറവിളി കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും അത് ഇപ്പോഴും കടലാസിലൊതുങ്ങുകയാണ്. വോട്ടുണ്ടായിരുന്നെങ്കിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് കുറച്ചുകൂടി പരിഗണന ലഭിക്കുമായിരുന്നു എന്ന് പ്രവാസികൾ വിശ്വസിക്കുന്നു. യു.ഡി.എഫ് സർക്കാരിെൻറ കാലത്ത് എം.എം. ഹസ്സൻ പ്രവാസി കാര്യങ്ങൾക്കായി പ്രത്യേകം ചുമതല വഹിച്ചിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ റിയാദിലെത്തി നേരിട്ട് പ്രവാസികളുടെ പ്രശ്നങ്ങൾ കേട്ടിരുന്നു. എന്നാൽ ഇന്ന് ആ വകുപ്പിന് പഴയ പ്രാധാന്യമില്ലെന്ന പരാതി പ്രവാസികൾക്കിടയിലുണ്ട്.
വിമാന ടിക്കറ്റ് നിരക്കിലെ അമിതമായ വർദ്ധനവ് പ്രവാസികളെ വലയ്ക്കുകയാണ്. യുദ്ധഭീഷണിയും മറ്റും കാരണമാക്കി വിമാന കമ്പനികൾ ഈടാക്കുന്ന ഭീമമായ തുക കാരണം ഇത്തവണ വോട്ട് ചെയ്യാൻ നാട്ടിലെത്താൻ പലർക്കും സാധിക്കുന്നില്ല. നാട്ടിലെത്താൻ കഴിഞ്ഞില്ലെങ്കിലും പ്രവാസികൾ തെരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കുന്നില്ല. ബത്ഹയിലെ തെരുവുകളിൽ രാഷ്ട്രീയ ചൂട് പ്രകടമാണ്. ഡിജിറ്റൽ യുഗം വിരൽത്തുമ്പിലുള്ളതുകൊണ്ട് ഓരോ ചലനങ്ങളും തത്സമയം അവർ വീക്ഷിക്കുന്നു. വോട്ടെണ്ണൽ ദിനത്തിലെ ആവേശവും വിജയാഘോഷങ്ങളും റിയാദിലെ തെരുവുകളിലും പ്രതിഫലിക്കുമെന്നുറപ്പ്. വോട്ട് ചെയ്യാൻ അവകാശമില്ലെങ്കിലും, സ്വന്തം നാടിെൻറ ഭരണം ആര് ൈകയ്യാളണമെന്ന് നിശ്ചയിക്കുന്നതിൽ ഇന്നും ഈ മറുനാടൻ മലയാളികൾ പുലർത്തുന്ന ജാഗ്രത പ്രശംസനീയമാണ്. എങ്കിലും, എന്നെങ്കിലും ഒരിക്കൽ വിദേശത്തിരുന്നു തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആയിരക്കണക്കിന് പ്രവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

