ഹജ്ജ് ഒരുക്കം വേഗത്തിലാക്കി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
text_fieldsജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി മാധ്യമപ്രവർത്തകരോടൊപ്പം
ജിദ്ദ: കഴിഞ്ഞ ഹജ്ജ് സീസൺ വിജയകരമായി പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിൽ, വരുന്ന ഹജ്ജ് സീസണിലേക്കുള്ള മുൻകൂർ ഒരുക്കങ്ങൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വേഗത്തിലാക്കിയതായി കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി അറിയിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹജ്ജ് ഒരുക്കവും കോൺസുലേറ്റ് പ്രവർത്തനങ്ങളും ഇന്ത്യയുടെ ആറാം ദേശീയ കുടുംബ ആരോഗ്യ സർവേ ഫലങ്ങളും അദ്ദേഹം വിശദീകരിച്ചത്. ഹെഡ് ഓഫ് ചാൻസറിയും പ്രസ് ആൻഡ് ഇൻഫർമേഷൻ കോൺസലുമായ ഇമാം മെഹ്ദി ഹുസൈനും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
കഴിഞ്ഞ ഹജ്ജ് സീസണിൽ ഇന്ത്യയിൽനിന്നുള്ള മുഴുവൻ ക്വോട്ടയായ 1,75,000 തീർത്ഥാടകർക്കും ഫലപ്രദമായി ഹജ്ജ് കർമങ്ങൾ നിർവഹിക്കാനുള്ള സാഹചര്യങ്ങൾ കോൺസുലേറ്റിന് കീഴിൽ ഒരുക്കിയിരുന്നു. ഇതിൽ 70 ശതമാനം പേർ ഹജ്ജ് കമ്മിറ്റി വഴിയും 30 ശതമാനം പേർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണ് എത്തിയത്.
തീർഥാടകർക്ക് മശാഇർ മേഖലകളായ മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിലേക്ക് യഥാസമയം എത്തുന്നതിനും ചടങ്ങുകൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. തീർത്ഥാടകർക്ക് വികേന്ദ്രീകൃത രീതിയിൽ തത്സമയ വൈദ്യസഹായം ലഭ്യമാക്കിയ മെഡിക്കൽ ആർക്കിടെക്ചർ സംവിധാനം മരണനിരക്ക് കുറയ്ക്കുന്നതിനും അടിയന്തര ആശ്വാസം നൽകുന്നതിനും ഏറെ സഹായകമായി.
പ്രവാസി ക്ഷേമത്തിനും ആരോഗ്യ രംഗത്തിനും മുൻഗണനയെന്ന് കോൺസുൽ ജനറൽ
കൂടാതെ ബാഗേജ് രഹിത യാത്ര, റിമോട്ട് സിറ്റി ചെക്ക്-ഇൻ, ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ ഉപയോഗം 50 ശതമാനമായി ഉയർത്തിയത് എന്നിവ യാത്ര കൂടുതൽ സുഗമമാക്കി. ഇന്ത്യയിൽ വെച്ച് തന്നെ പതിനായിരത്തോളം തീർത്ഥാടകർക്ക് ‘നുസുക്’ കാർഡുകൾ വിതരണം ചെയ്ത പൈലറ്റ് പ്രൊജക്റ്റ് വിജയകരമായിരുന്നുവെന്നും, വരും വർഷങ്ങളിൽ കൂടുതൽ ആളുകളിലേക്ക് ഇത് വ്യാപിപ്പിക്കാൻ സൗദി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കോൺസുൽ ജനറൽ പറഞ്ഞു.
മദീനയിൽ 100 ശതമാനം തീർത്ഥാടകർക്കും മർക്കസിയ മേഖലയിൽ തന്നെ താമസസൗകര്യം ഒരുക്കാനായി. വരുന്ന ഹജ്ജിലേക്കുള്ള അപേക്ഷാ നടപടികൾ ഭൂരിഭാഗവും പൂർത്തിയായതായും ഈ മാസം അവസാനത്തോടെ നറുക്കെടുപ്പ് നടക്കുമെന്നും താമസ, ഗതാഗത, കാറ്ററിങ് സേവനങ്ങൾ കുറ്റമറ്റതാക്കാൻ ഇന്ത്യയിലെ ന്യൂനപക്ഷ മന്ത്രാലയവുമായും സൗദി അധികൃതരുമായും ചേർന്ന് പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ 715 ജില്ലകളിൽ നിന്നായി 6.79 ലക്ഷം വീടുകളിൽ സർവേ നടത്തി തയാറാക്കിയ ആറാം ദേശീയ കുടുംബ ആരോഗ്യ സർവേ വിവരങ്ങളും കോൺസുൽ ജനറൽ വിശദീകരിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ നിലവാരത്തിലും സാമൂഹിക, സാമ്പത്തിക സൂചികകളിലും വൻ കുതിച്ചുചാട്ടമാണ് സർവേ രേഖപ്പെടുത്തുന്നത്.
രാജ്യത്ത് വൈദ്യുതീകരണം 98.3 ശതമാനമായും, ശുദ്ധജല ലഭ്യത 96.5 ശതമാനമായും, സർക്കാറിെൻറ ആരോഗ്യ ഇൻഷുറൻസ് കവറേജ് 60.2 ശതമാനമായും ഉയർന്നു. ആശുപത്രി പ്രസവങ്ങൾ 90.6 ശതമാനമായും, വിദഗ്ദ്ധരുടെ മേൽനോട്ടത്തിലുള്ള പ്രസവങ്ങൾ 91.3 ശതമാനമായും, പൂർണ വാക്സിനേഷൻ കവറേജ് 87.1 ശതമാനമായും വർധിച്ചപ്പോൾ കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ 29.3 ശതമാനമായി കുറയ്ക്കാൻ സാധിച്ചു.
കുടുംബ തീരുമാനങ്ങളിൽ പങ്കാളികളാകുന്ന സ്ത്രീകളുടെ അനുപാതം 89 ശതമാനമായും, സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ളവർ 89 ശതമാനമായും, സ്ത്രീകളിലെ ഇൻറർനെറ്റ് ഉപയോഗം 64.3 ശതമാനമായും ഉയർന്നത് വനിതാ ശാക്തീകരണത്തിലെ വലിയ നേട്ടമാണ്. ബാലവിവാഹം 20.1 ശതമാനമായി ഗണ്യമായി കുറയ്ക്കാനും ജനനനിരക്ക് നിശ്ചിത മാനദണ്ഡത്തിൽ നിലനിർത്താനും സർവേ വിവരങ്ങൾ അനുസരിച്ച് ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ പ്രവാസികൾക്ക് കാര്യക്ഷമമായ സേവനം ഉറപ്പാക്കാൻ കോൺസുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് കോൺസുൽ ജനറൽ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 1,19,000-ത്തിലധികം പാസ്‌പോർട്ട് അപേക്ഷകളും 38,000-ത്തോളം അറ്റസ്റ്റേഷൻ സേവനങ്ങളും പൂർത്തിയാക്കാൻ കോൺസുലേറ്റിനായി.
പ്രവാസി കുടുംബങ്ങൾക്ക് കൂടുതൽ സുഗമമായി സേവനങ്ങൾ ലഭ്യമാക്കുന്നതിെൻറ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ പടിഞ്ഞാറൻ പ്രവിശ്യയിലെ പ്രവാസികൾക്കായി പുതിയ ‘ഫാമിലി സെൻസസ്’ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ജിദ്ദ കോൺസുലേറ്റിെൻറ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും സോഷ്യൽ മീഡിയ വഴിയും ഇതിൽ രജിസ്റ്റർ ചെയ്യാമെന്നും മുഴുവൻ ഇന്ത്യൻ കുടുംബങ്ങളും ഇതിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അടിയന്തര ഘട്ടങ്ങളിൽ പ്രവാസികൾക്ക് കൈത്താങ്ങാകാൻ പബ്ലിക് ഗ്രീവൻസ് സിസ്റ്റം, വി.ആർ പ്രൊഡക്ഷൻ റൂം, പുതിയ സർവിസ് വിൻഡോകൾ തുടങ്ങി ജനസൗഹൃദപരമായ നിരവധി പരിഷ്കാരങ്ങൾ കോൺസുലേറ്റിൽ നടപ്പാക്കിയിട്ടുണ്ട്. പ്രതിമാസ ഓപ്പൺ ഹൗസുകൾ, ഇന്ത്യൻ തൊഴിലാളികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘ജഷ്‌നെ മെഹനത് ശ്രം ഉത്സവ്’ തുടങ്ങിയവയും തടവുകാരുടെയും നിരാലംബരുടെയും മോചനത്തിനും ക്ഷേമത്തിനുമായി കോൺസുലേറ്റും കമ്യൂണിറ്റി വളൻറിയർമാരും നടത്തുന്ന ഇടപെടലുകൾ തുടരുമെന്നും കോൺസുൽ ജനറൽ വ്യക്തമാക്കി.
കൂടാതെ, അടുത്തിടെ വിജയകരമായി സംഘടിപ്പിച്ച ‘ഇന്ത്യ: വെൽനസ് ആൻഡ് ഫ്ലേവേഴ്‌സ്’, ‘ശ്രം ഉത്സവ്’ എന്നിവക്ക് പുറമേ, വരുംദിവസങ്ങളിൽ വാണിജ്യ, സാംസ്കാരിക, വിനോദ മേഖലകളിൽ കൂടുതൽ പരിപാടികൾ ഇന്ത്യൻ സമൂഹവുമായി സഹകരിച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

