ഒ.ഐ.സി.സി ‘ഉമ്മൻ ചാണ്ടി സ്മൃതി പുരസ്കാരം’ സി.ആർ. മഹേഷ് എം.എൽ.എക്ക്
text_fieldsസി.ആർ. മഹേഷ് എം.എൽ.എ
റിയാദ്: ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ‘ഉമ്മന്‍ ചാണ്ടി സ്മൃതി പുരസ്കാരം’ കരുനാഗപ്പളളി എം.എൽ.എ സി.ആര്. മഹേഷിന്. ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ എം.എൽ.എയാണ് ജേതാവിനെ പ്രഖ്യാപിച്ചത്.റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ വെച്ചായിരുന്നു പ്രഖ്യാപനം. കരുനാഗപ്പളളിയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് സി.ആർ. മഹേഷ്.
മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുളള സാമൂഹിക തിന്മകള്ക്കെതിരെ ബോധവത്ക്കരണം, താഴെതട്ടിലുളളവരുടെ ശാക്തീകരണം ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്കി തുടങ്ങിയ ഇത്തരം കാര്യങ്ങൾ പരിഗണിച്ചാണ് അവാര്‍ഡിന് അർഹനായത്. കരുനാഗപ്പള്ളി മോഡല്‍ സ്കൂളില്‍ കേരള സ്റ്റുഡൻറ്സ് യൂനിയന്‍ യൂനിറ്റ് പ്രസിഡന്റായാണ് മഹേഷ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ ബിരുദ പഠനകാലത്ത് കോളജില്‍ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2000ല്‍ ശാസ്താംകോട്ട ഡി.ബി കോളജ് യൂനിയന്‍ ചെയര്‍മാനായി. തഴവ പഞ്ചായത്ത് അംഗമായിരുന്നു. ഇടതു കോട്ടയായ കരുനാഗപ്പളളിയില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയെങ്കിലും 2021ല്‍ തിരിച്ചുപിടിച്ചാണ് സി.ആര് ശ്രദ്ധേയനായത്.
കെ.പി സി.സി ജനറൽ സെക്രട്ടറി പിഎ. സലീം, സി. ഹരിദാസ്, സോണി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനർഹനായ ജനപ്രതിനിധിയെ തെരഞ്ഞെടുത്തത്. വിജയിക്കുള്ള അവാർഡ് പിന്നീട് നാട്ടിൽ വെച്ച് വിതരണം ചെയ്യുമെന്നും ഒ.ഐ.സി.സി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

