യു.ഡി.എഫ് വൻ വിജയം നേടുമെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി
text_fieldsഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസിൽ തെരഞ്ഞെടുപ്പ് അവലോകനത്തിൽ നിന്നും
ജിദ്ദ: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അവലോകന യോഗം സംഘടിപ്പിച്ചു. ജിദ്ദ ഷറഫിയയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ യു.എം. ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. വരാനിരിക്കുന്ന ഫലപ്രഖ്യാപനത്തിൽ യു.ഡി.എഫ് 90 മുതൽ 112 സീറ്റുകൾ വരെ നേടി അധികാരത്തിൽ വരുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ പ്രവാസ ലോകത്ത് യു.ഡി.എഫിന് അനുകൂലമായി നടന്ന ശക്തമായ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. വോട്ടർമാരെ ബോധവൽക്കരിക്കുന്നതിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടു. യു.ഡി.എഫും കോൺഗ്രസും മുന്നോട്ടുവെച്ച 'അഞ്ച് ഗാരൻറികൾ' കേരളത്തിൽ വലിയ ചർച്ചയായതായും, ഇത് സാധാരണ കുടുംബങ്ങളിലും പ്രത്യേകിച്ച് സ്ത്രീ വോട്ടർമാർക്കിടയിലും വലിയ സ്വാധീനം ചെലുത്തിയതായും യോഗം നിരീക്ഷിച്ചു.
ഈ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ സജീവ സാന്നിധ്യവും നിർദ്ധനരായവരുടെയും കുടുംബിനികളുടെയും മികച്ച പ്രതികരണവും യു.ഡി.എഫ് പ്രകടന പത്രികയ്ക്കുള്ള അംഗീകാരമാണ്. കൂടാതെ, പുതുതലമുറയെ ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങൾ മുന്നണിക്ക് വലിയ ഗുണം ചെയ്തതായും വിലയിരുത്തലുണ്ട്. പ്രവാസികളുടെ രാഷ്ട്രീയ ഇടപെടലുകൾ കൂടുതൽ ശക്തമാക്കാനും സംഘടനയുടെ പ്രവർത്തനം അടിത്തട്ടിൽ നിന്ന് ഊർജ്ജിതമാക്കാനും യോഗത്തിൽ തീരുമാനമായി.
ജില്ലാ ഭാരവാഹികളായ ഫൈസൽ മക്കരപ്പറമ്പ്, കമാൽ കളപ്പാടൻ, ഗഫൂർ വണ്ടൂർ, ശംസുദ്ധീൻ വേങ്ങൂർ, ഉസ്മാൻ മേലാറ്റൂർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുത്ത എല്ലാ പ്രവർത്തകർക്കും യോഗം അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. യു.ഡി.എഫ് അനുകൂല തരംഗം സൃഷ്ടിക്കുന്നതിൽ ഒ.ഐ.സി.സി നിർണായക പങ്ക് വഹിച്ചതായും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

