ഖത്തറിന് ഐക്യദാർഢ്യ പ്രഖ്യാപനം ആവർത്തിച്ച് ഒ.ഐ.സി
text_fieldsഒ.ഐ.സി ജനറൽ സെക്രട്ടറി ഹുസൈൻ ഇബ്രാഹീം ത്വാഹ
ജിദ്ദ/ദോഹ: ഖത്തറിന് ആവർത്തിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷൻ (ഒ.ഐ.സി) പ്രസ്താവിച്ചു. ദോഹയിൽ കഴിഞ്ഞ ദിവസം നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടിയുടെ ഫലം അറബ്-ഇസ്‌ലാമിക ഐക്യത്തെ ശക്തിപ്പെടുത്തുമെന്ന് ഒ.ഐ.സി ജനറൽ സെക്രട്ടറി ഹുസൈൻ ഇബ്രാഹീം ത്വാഹ പറഞ്ഞു.
ഫലസ്തീനെതിരെ അധിനിവേശ കുറ്റകൃത്യങ്ങളുടെ ഒരു വിപുലീകരണമാണ് ഖത്തറിനെതിരെ ഇസ്രായേലി ആക്രമണമെന്നും ഇസ്രായേലിനെതിരെ ശക്തമായ നിയമ നടപടികൾക്ക് ഒരുങ്ങണമെന്നും അദ്ദേഹം ആവർത്തിച്ച് ആഹ്വാനം ചെയ്തു. അറബ് ലീഗ്, ഒ.ഐ.സി എന്നിവയുടെ രാഷ്ട്രത്തലവന്മാരാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.
ഉച്ചകോടിയുടെ പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിച്ചതിന് ഖത്തർ അമീറിന് നന്ദി അറിയിക്കുകയും, ക്രൂരമായ ഇസ്രായേലി ആക്രമണത്തിന് ശേഷം ഖത്തർ രാഷ്ട്രത്തോടുള്ള ഒ.ഐ.സിയുടെ വർധിച്ച പൂർണ ഐക്യദാർഢ്യം അറിയിക്കുന്നതായും ജനറൽ സെക്രട്ടറി അറിയിച്ചു.
ഇസ്രായേൽ ആക്രമണത്തിനെ പ്രതിരോധിക്കാൻ അറബ്, ഇസ്‌ലാമിക് രാഷ്ട്രങ്ങളുടെ ഏകീകൃതവും ദൃഢവുമായ നിലപാട് ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഖത്തറിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സഹകരണത്തിന്റെ പൂർണ പിന്തുണ സെക്രട്ടറി ജനറൽ പ്രകടിപ്പിച്ചു.
കൂടാതെ, മേഖലയിലെ ഗുരുതരമായതും തുടരുന്നതുമായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിലും അതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഫലസ്തീൻ പ്രശ്‌ന പരിഹാരത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിന്റെയും ശ്രമങ്ങൾക്ക് ഒ.ഐ.സിയുടെ പിന്തുണ അദ്ദേഹം പ്രകടിപ്പിച്ചു.
ഖത്തർ ഉച്ചകോടിയുടെ ഫലങ്ങൾ ഖത്തർ രാഷ്ട്രവുമായുള്ള അറബ്, ഇസ്‌ലാമിക ഐക്യദാർഢ്യം ശക്തിപ്പെടുത്തുമെന്നും നിലവിലെ വെല്ലുവിളികളെ നേരിടുന്നതിൽ അവരുടെ നിലപാടുകളും ശ്രമങ്ങളും ഏകീകരിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

