നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്: അപേക്ഷാ തീയതി നീട്ടി; ഒ.ഐ.സി.സി ജിദ്ദ മലപ്പുറം കമ്മിറ്റി ബോധവൽക്കരണം സംഘടിപ്പിച്ചു
text_fieldsമലപ്പുറം ജില്ല ഒ.ഐ.സി.സി നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് ബോധവൽക്കരണ പരിപാടിയിൽ നാണി മാസ്റ്റർ സംസാരിക്കുന്നു
ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിനെറിച്ചുള്ള വിശദീകരണവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി പ്രവാസികൾക്കായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 മുതൽ സെപ്റ്റംബർ 18 വരെ ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ച സാഹചര്യത്തിലാണ് കൂടുതൽ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി പരിപാടി സംഘടിപ്പിച്ചത്.
ശറഫിയയിലെ ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച പരിപാടി കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലാകമ്മിറ്റി പ്രസിഡൻറ് ഇസ്മാഈൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. യു.എം ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. നോർക്കയുടെ വിവിധ പദ്ധതികളെക്കുറിച്ചും ഇൻഷുറൻസ് ആനുകൂല്യങ്ങളെക്കുറിച്ചും കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി ജനറൽ സെക്രട്ടറി നാണി മാസ്റ്റർ വിശദമായി സംസാരിച്ചു. ലോകമെമ്പാടുമുള്ള കൂടുതൽ പ്രവാസികളെ ഈ സുരക്ഷാപദ്ധതിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സമയപരിധി നീട്ടി നൽകിയ സാഹചര്യത്തിൽ മുഴുവൻ പ്രവാസികളും ഈ അവസരം വിനിയോഗിക്കണമെന്നും, പ്രവാസി സംഘടനകൾ ആ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നോർക്ക പ്രവാസി ഐഡി കാർഡുള്ള ജീവനക്കാർക്കും സ്റ്റുഡൻറ് വിസയിലുള്ള വിദ്യാർത്ഥികൾക്കും പദ്ധതിയിൽ അപേക്ഷിക്കാം. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ അഞ്ചു ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസാണ് ലഭ്യമാകുന്നത്. 70 വയസ്സ് വരെയുള്ള പ്രവാസികൾക്കും അംഗങ്ങളാകാം. നിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നതും, മെഡിക്കൽ പരിശോധനയോ ഹെൽത്ത് ഡിക്ലറേഷനോ ആവശ്യമില്ല എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. കേരളത്തിലെ 668 ഉൾപ്പെടെ ഇന്ത്യയിലൊട്ടാകെയുള്ള 24,000 ത്തിലധികം ആശുപത്രികളിൽ കാഷ്ലെസ് ചികിത്സാ സൗകര്യം ലഭ്യമാണ്.
ചടങ്ങിൽ നോർക്ക അംഗത്വം എടുത്തവർക്കുള്ള ഐഡി കാർഡ് നാസർ സൈൻ തൃശൂർ വിതരണം ചെയ്തു. ഫൈസൽ മക്കരപ്പറമ്പ്, ഗഫൂർ വണ്ടൂർ, കമാൽ കളപ്പാടൻ, സമീർ പാണ്ടിക്കാട് എന്നിവർ സംസാരിച്ചു. ഇസ്മാഈൽ കൂരിപ്പൊയിൽ സ്വാഗതവും സി.പി മുജീബ് നാണി നന്ദിയും പറഞ്ഞു.
നൗഷാദ് ബഡ്ജറ്റ്, സാജു റിയാസ്, ഉസ്മാൻ മേലാറ്റൂർ, അനസ് നീലാഞ്ചേരി, ഉസ്മാൻ കുണ്ടുകാവിൽ, മുഹമ്മദ് ഓമാനൂർ എന്നിവർ നേതൃത്വം നൽകി. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി എട്ട് മണി മുതൽ ശറഫിയ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഓഫീസിൽ പ്രവർത്തിക്കുന്ന പ്രവാസി സേവന കേന്ദ്രത്തിൽ നോർക്കയുടെ വിവിധ പദ്ധതികളിൽ ചേരുന്നതിനു വേണ്ട സേവനങ്ങൾ സൗജന്യമായി ലഭിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

