ഈദാഘോഷത്തിൽ പുത്തൻ ട്രെൻഡ്; തിരക്കുകളിൽ നിന്നകന്ന് ശാന്തത തേടി സൗദി സമൂഹം
text_fieldsദമ്മാം: മാറുന്ന കാലത്തിനൊപ്പം ജീവിതരീതികളിലും ആഘോഷ സങ്കൽപങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ് സൗദി അറേബ്യയിലെ സ്വദേശികൾ. പതിവ് രീതിയിലുള്ള ആട്ടവും പാട്ടും നിറഞ്ഞ തിരക്കേറിയ ആഘോഷങ്ങൾക്ക് പകരം, ശാന്തവും സൗമ്യവുമായ അന്തരീക്ഷം തെരഞ്ഞെടുത്താണ് ഇത്തവണ ഭൂരിഭാഗം ആളുകളും ഈദ് ആഘോഷിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തിരക്കേറിയ അന്തരീക്ഷത്തോടുള്ള താൽപര്യം കുറയുന്നതായും, മാനസികോല്ലാസത്തിന് ഉതകുന്ന ശാന്തമായ ഇടങ്ങളോട് പ്രിയം ഏറിവരുന്നതായും സൗദി ടൂറിസം വകുപ്പ് ചൂണ്ടിക്കാട്ടുന്നു. സൗദിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉല, കടൽത്തീരങ്ങൾ, വെൽനസ് റിസോർട്ടുകൾ എന്നിവിടങ്ങളിലായിരുന്നു ഇത്തവണ കൂടുതൽ തിരക്ക്.
വിദേശ രാജ്യങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുന്ന സ്വദേശികളും വെൽനസ് റിസോർട്ടുകൾക്കാണ് മുൻഗണന നൽകുന്നത്. ട്രാവൽ കൺസൾട്ടൻസി സൈറ്റായ ബ്ലൂ സെയിലിെൻറ കണക്കുകൾ പ്രകാരം, സൗദിയിലെ 18 മുതൽ 40 വയസ്സുവരെയുള്ള യുവാക്കൾക്കിടയിൽ മാനസികാരോഗ്യത്തിനും ശാരീരിക സുഖചികിത്സക്കുമായി അവധിക്കാലം ചെലവഴിക്കുന്ന പ്രവണത വർധിച്ചിട്ടുണ്ട്. ശാന്തതയും വിശ്രമവും നൽകുന്ന സ്ഥലങ്ങളോടും പഞ്ചനക്ഷത്ര ഹോട്ടലുകളേക്കാൾ ബൊട്ടീക് ഹോട്ടലുകളോടുമാണ് ഇവർക്ക് ഇപ്പോൾ കൂടുതൽ താൽപര്യം.
റമദാനിലെ ആശുപത്രി ജോലികൾക്കും തിരക്കേറിയ ഷിഫ്റ്റുകൾക്കും ശേഷം ശാന്തമായ അന്തരീക്ഷത്തിൽ മനസ്സിനെ വീണ്ടെടുക്കാനാണ് താൻ ഇത്തവണത്തെ ഈദ് അവധി ഉപയോഗപ്പെടുത്തിയതെന്ന് സീനിയർ മെഡിക്കൽ വിദ്യാർഥിയായ ഗയെദ് അൽ വാസി പറഞ്ഞു. റിയാദ് സ്വദേശിയായ നവാൽ അൽ നൈഫാഫ് പറയുന്നത്, റമദാനിലെ തിരക്കുപിടിച്ച ജീവിതശൈലിയിൽനിന്ന് മാറി അനുഭവങ്ങളെ തിരിച്ചുപിടിക്കാനാണ് താൻ ശാന്തമായ ഇടം കണ്ടെത്തിയതെന്നാണ്. ദൈനംദിന ചര്യകൾ ഉപേക്ഷിച്ച് പുതുതായി കാര്യങ്ങൾ ആരംഭിക്കാനുള്ള ഒരു മാർഗമായിട്ടാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദിൽനിന്നുള്ള സഞ്ചാരിയായ ലാമ അൽ-സുഹൈമിയുടെ ഈദാഘോഷവും സമ്മർദങ്ങളിൽനിന്നും നിരന്തര സാമൂഹിക ഇടപെടലുകളിൽനിന്നും അകന്നുനിന്നുള്ളതായിരുന്നു. സുഖവും സ്വകാര്യതയും ഉറപ്പാക്കുന്ന രീതിയിലായിരുന്നു അവരുടെ യാത്ര. 2025-ഓടെ വെൽനസ് ടൂറിസം മേഖലയുടെ മൂല്യം 436 ബില്യൺ ഡോളറായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2026-ലെ സൗദി പൗരന്മാരുടെ ഈദ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത് പുതിയ തലമുറ ഇത്തരം ആരോഗ്യകരമായ ആഘോഷരീതികളെ ഏറെ താൽപര്യത്തോടെ സ്വീകരിക്കുന്നു എന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

