ഓർമകളുടെയും ഐക്യത്തിന്റെയും പുതുവെളിച്ചം പാളയം മസൂദ്, ദമ്മാം
text_fieldsകേരളത്തിന്റെ കാർഷിക സംസ്കാരത്തോട് ഏറ്റവും ആഴത്തിൽ ചേർന്നുനിൽക്കുന്ന ഉത്സവമാണ് വിഷു. ഇത് കേവലം ഒരു കലണ്ടർ ദിനത്തിന്റെ ആവർത്തനമല്ല; മറിച്ച് മലയാളിയുടെ മനസ്സിൽ നന്മയുടെയും സമൃദ്ധിയുടെയും പ്രത്യാശയുടെയും പ്രതീകമായി നിലകൊള്ളുന്ന സാംസ്കാരികാനുഭവമാണ്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും പലതുണ്ടെങ്കിലും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വിഷു എന്നത് വെളിച്ചത്തിന്റെയും സന്തോഷത്തിന്റെയും ഭാഷയാണ്.
കണിക്കൊന്നയുടെ മഞ്ഞപ്പൊൻ നിറം, നിലവിളക്കിന്റെ ശാന്തപ്രകാശം, ഉണരുന്ന കണ്ണുകൾക്ക് മുന്നിലെ ഐശ്വര്യപൂർണമായ വിഷുക്കണി, മുതിർന്നവരിൽ നിന്നുള്ള സ്നേഹനിർഭരമായ കൈനീട്ടം... ഇവയെല്ലാം ചേർന്നാണ് മലയാളിയുടെ ജീവിതത്തിൽ വിഷുവിനെ ഒരു ആത്മബന്ധമായി മാറ്റുന്നത്. ഉണർന്ന കണ്ണുകൾ ആദ്യം കാണേണ്ടത് നന്മയും പ്രത്യാശയുമാകണം എന്ന ദർശനമാണ് വിഷുക്കണിയുടെ അന്തസ്സത്ത. അതിനാൽ, ഇതൊരു മതാചാരത്തിന്റെ പരിധിയിൽ ഒതുങ്ങാതെ, മാനവികതയെ ഉണർത്തുന്ന സ്മരണയായി നിലനിൽക്കുന്നു.
ആഘോഷത്തിന്റെ ആഢംബരമല്ല, അനുഭവത്തിന്റെ ആത്മീയതയാണ് വിഷുവിന്റെ സവിശേഷത. ജീവിതത്തെ വെളിച്ചത്തിന്റെ വശത്തുനിന്നും കാണാനുള്ള ഒരു ക്ഷണമാണിത്. കൈനീട്ടത്തിന്റെ മഹത്വം അതിന്റെ തുകയിലല്ല, മറിച്ച് കൈമാറപ്പെടുന്ന സ്നേഹത്തിലും കരുതൽ നിറഞ്ഞ അനുഗ്രഹത്തിലുമാണ്. ആ ചെറിയ നാണയത്തുട്ടുകളിൽ പോലും തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയൊരു മാനസിക പാരമ്പര്യം ഒളിഞ്ഞിരിക്കുന്നു. ബാല്യകാലത്തെ വിഷു ഓർമകൾക്ക് മാധുര്യമേറുന്നത് പങ്കുവെക്കലിന്റെ ഇത്തരം കൊച്ചു ദൃശ്യങ്ങളിലൂടെയാണ്. അയൽവീടുകളിൽ നിന്ന് എത്തുന്ന വിഷുക്കട്ടയും പായസവും സദ്യയുമെല്ലാം ചേർന്ന് ഒരു ഉത്സവദിനത്തെ നനുത്ത ഓർമയാക്കി മാറ്റുന്നു. വിഭവങ്ങളുടെ രുചി ഓരോ വീട്ടിലും വ്യത്യസ്തമായിരുന്നിരിക്കാം. എങ്കിലും അവിടെയെല്ലാം നിറഞ്ഞൊഴുകിയിരുന്നത് സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ഒരേ മണമായിരുന്നു.
പഴയകാലത്തെ വിഷു ആഘോഷങ്ങളുടെ ഏറ്റവും വലിയ ഗുണം അതിന്റെ സാമൂഹിക വ്യാപ്തിയായിരുന്നു. വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ ആ സന്തോഷം നാട്ടുവഴികളിലേക്കും അയൽപക്കങ്ങളിലേക്കും പടർന്നിരുന്നു. ഒരു വീട്ടിലെ വിഭവം മറ്റൊരു വീട്ടിലെ കുട്ടിയുടെ സന്തോഷമാകുന്ന കാലം. ജാതിയും മതവും സാമ്പത്തികാവസ്ഥയും മറന്ന് മനുഷ്യർ സഹവർത്തിത്വത്തോടെ കഴിഞ്ഞിരുന്ന ഒരു കാലത്തിന്റെ ഓർമപ്പെടുത്തലാണത്. ഉത്സവങ്ങൾ മതിലുകൾ പണിയാനല്ല, മനുഷ്യർക്കിടയിൽ വാതിലുകൾ തുറക്കാനാണ് എന്ന വലിയ പാഠമാണ് ആ കാലം നമുക്ക് നൽകിയത്.
പ്രകൃതിയോടുള്ള കടപ്പാടും വിഷുവിന്റെ കാർഷിക തത്വചിന്തയിൽ പ്രകടമാണ്. ഭൂമിയോടുള്ള നന്ദിയും വിളവിനോടുള്ള പ്രതീക്ഷയും മിതത്വവുമെല്ലാം ഈ കാർഷികോത്സവത്തിന്റെ പശ്ചാത്തലത്തിലുണ്ട്. മനുഷ്യന്റെ സമൃദ്ധി പ്രകൃതിയിൽ നിന്നാണെന്ന ബോധ്യം ഇത് ഓരോ മലയാളിയെയും ഓർമിപ്പിക്കുന്നു.
ആഘോഷങ്ങൾ കേവലം പുറംമോടികളിലേക്കും സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളിലേക്കും ചുരുങ്ങിപ്പോകുന്ന ഇന്നത്തെ കാലത്ത് വിഷുവിന്റെ യഥാർഥ സന്ദേശം ഏറെ പ്രസക്തമാണ്. ആഘോഷമെന്നത് സമൃദ്ധിയുടെ പ്രദർശനമല്ല, മറിച്ച് ചേർത്തുനിർത്തലിെൻറ സംസ്കാരമാണ്. വിഭജനങ്ങളുടെയും അവിശ്വാസങ്ങളുടെയും സമ്മർദങ്ങളിലൂടെ സമൂഹം കടന്നുപോകുമ്പോൾ, ഉത്സവങ്ങൾ സാഹോദര്യത്തിന്റെ വേദികളായി മാറേണ്ടതുണ്ട്.
അയൽവാസിയുടെ വാതിൽ തട്ടാനുള്ള മടിയില്ലായ്മയും സുഹൃത്തിന്റെ വീട്ടിലിരുന്ന് സദ്യ കഴിക്കുന്ന ആത്മബന്ധവുമാണ് നാം തിരിച്ചുപിടിക്കേണ്ടത്. മനുഷ്യരെ അകറ്റുന്ന പ്രവണതകളേക്കാൾ അവരെ ഒന്നിപ്പിക്കുന്ന സംസ്കാരമാണ് ഒരു സമൂഹത്തെ മഹത്തരമാക്കുന്നത്.
ഈ വിഷു കേവലമൊരു ചടങ്ങായി മാറാതെ, ഉള്ളിലെ മനുഷ്യനെ പുതുക്കാനുള്ള അവസരമാകട്ടെ. ഹൃദയങ്ങളിൽ സ്നേഹം നിറക്കാനും അകൽച്ചയുടെ മതിലുകൾ തകർക്കാനും നമുക്ക് കഴിയണം. വീടുകളിൽ മാത്രമല്ല, നമ്മുടെ മനസ്സുകളിലും സമൂഹത്തിലും വിഷുവിന്റെ വെളിച്ചം നിറയട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

