കഅ്ബയെ പുതപ്പിക്കാൻ പുതിയ കിസ്വ കൈമാറി
text_fieldsജിദ്ദ: കഅ്ബയെ പുതപ്പിക്കാനുള്ള പുതിയ കിസ്വ കൈമാറ്റ ചടങ്ങ് നടന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവിന് വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലാണ് കഅ്ബയുടെ മുതിർന്ന പരിപാലകനായ ഡോ. സ്വാലിഹ് ബിൻ സൈനുൽ ആബിദീൻ അൽശൈബിക്ക് കിസ്വ കൈമാറിയത്.
ചടങ്ങിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, മസ്ജിദുൽ ഹറാം കാര്യാലയ അണ്ടർ സെക്രട്ടറി കിങ് അബ്ദുൽ അസീസ് കിസ്വ ഫാക്ടറി മേധാവി അഹമ്മദ് ബിൻ മുഹമ്മദ് അൽമൻസൂരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൈമാറ്റ രേഖകളിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസും കഅ്ബ പരിപാലകൻ ഡോ. സ്വാലിഹ് അൽശൈബിയും ഒപ്പുവെച്ചു. കിസ്വ നിർമാണത്തിന് ആവശ്യമായ സഹായങ്ങൾ നൽകാൻ ഭരണകൂടം കാണിക്കുന്ന അതീവ താൽപ്പര്യത്തിെൻറ ഭാഗമാണ് കിസ്വ കൈമാറ്റ ചടങ്ങെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ ദിനത്തിൽ രാവിലെയാണ് പുതിയ കിസ്വ കഅ്ബയെ പുതപ്പിക്കുന്നത്. ഇരുഹറം കാര്യാലയത്തിന് കീഴിൽ മക്കയിലെ ഉമ്മു ജൂദിലുള്ള കിങ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സിലാണ് കിസ്വ നിർമിക്കുന്നത്. കറുത്ത ചായം പൂശി ശുദ്ധമായ പട്ടിൽ നിർമിക്കുന്ന കിസ്വയുടെ ഉയരം 14 മീറ്ററാണ്.
മുകളിൽ മൂന്നിലൊന്ന് ഭാഗത്ത് 95 സെൻറി മീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള ബെൽറ്റുണ്ട്. ചുറ്റും അഴകാർന്ന രീതിയിൽ ഖുർആനിക സൂക്തങ്ങൾ ആലേഖനം ചെയ്തു നെയ്തെടുത്ത 16 ചതുര തുണി കഷണങ്ങളുണ്ട്. ഒരോ ഭാഗവും മൂടുന്ന നാല് വലിയ കഷ്ണങ്ങളോട് കൂടിയതാണ് കിസ്വ.
അഞ്ചാമതൊരു കഷണമുണ്ട്. അത് കഅ്ബയുടെ വാതിൽ വിരിയാണ്. ഏകദേശം ഒരു വർഷമെടുത്ത് ഘട്ടങ്ങളായാണ് കിസ്വ നിർമിക്കുന്നത്. 200 തൊഴിലാളികളാണ് കിസ്വ ഫാക്ടറിയിൽ ജോലിയെടുക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

