മുസ്ലിം ലീഗ് ദേശീയതലത്തിൽ ഇന്ത്യ മുന്നണിക്ക് കരുത്തുപകരും -മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsകെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു.
ജിദ്ദ: ഇന്ത്യ മുന്നണിയുടെ പ്രധാന ഘടകകക്ഷി എന്ന നിലക്ക് ദേശീയ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് ശ്രദ്ധേയമായിക്കൊണ്ടിരിക്കയാണെന്നും പാർട്ടി ഇന്ത്യ മുന്നണിക്ക് കരുത്തു പകരുമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയപ്പോൾ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മുസ്ലിം, ദലിത് ന്യൂനപക്ഷ സമൂഹത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങളിൽ ഇടപെടലുകൾ നടത്തുന്നതിന് മുസ്ലിം ലീഗ് ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങൾക്ക് കെ.എം.സി.സിയുടെ സഹായവും പിന്തുണയും ഉണ്ടാവണമെന്നും തങ്ങൾ ആവശ്യപ്പെട്ടു. ജെ.എൻ.എച്ച് ഗ്രൂപ് ചെയർമാൻ വി.പി. മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു. അബൂബക്കർ അരിമ്പ്ര അധ്യക്ഷതവഹിച്ചു.
ഇ. അഹമ്മദിന്റെ സ്മരണാർത്ഥം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെപ്റ്റംബർ 19ന് സംഘടിപ്പിക്കുന്ന ‘ഇ. അഹമ്മദ് സാഹിബ് സ്മാരക സൂപ്പർ സെവൻ’ ഫുട്ബാൾ ടൂർണമെന്റ് ബ്രോഷർ സിഫ് സെക്രട്ടറി നിസാം മമ്പാടിന് നൽകി മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിന്റെ തുടക്കമായി 'പ്രവാസി സൗഹൃദ പ്രാദേശിക സർക്കാർ' എന്ന പ്രമേയത്തിൽ ഓഗസ്റ്റ് എട്ടിന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നടത്തുന്ന ഏകദിന നേതൃ പഠനക്യാമ്പ് രജിസ്ട്രേഷൻ മഹ്ജർ ഏരിയ പ്രസിഡന്റ് കരീമിനെ ആദ്യ ക്യാമ്പ് അംഗമായി രജിസ്റ്റർ ചെയ്ത് മുനവ്വറലി തങ്ങൾ രജിസ്ട്രേഷന് തുടക്കം കുറിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട തങ്ങൾക്കുള്ള കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഉപഹാരം പ്രസിഡന്റ് അബുബക്കർ അരിമ്പ്ര കൈമാറി.
മുസ്ലിങ്ങളുടെ ചരിത്രവും പൈതൃകവും മത സാംസ്കാരിക മേന്മയും ഉദ്ധരിച്ച് നൂറ്റാണ്ടുകളുടെ കഥ പറയുന്ന ശില്പ ചാരുതയുള്ള പള്ളികളുടെ നിർമാണ വൈഭവം ദൃശ്യവത്കരിച്ച പാരമ്പര്യത്തിന്റെ മഹനീയത ബോധ്യപ്പെടുത്തിത്തരുന്ന 'പള്ളി പുരാണം' എന്ന ഡോക്യുമെന്ററി സദസ്സിൽ പ്രദർശിപ്പിച്ചു.
കെ.എം.സി.സി നോർക്ക സെൽ ചെയർമാൻ അബ്ദുൽ കരീം കൂട്ടിലങ്ങാടി പ്രവാസി പെൻഷൻ സ്കീമിനെക്കുറിച്ചും നോർക്ക കാർഡിനെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകി. വി.പി മുസ്തഫ സ്വാഗതവും അബ്ദുൽ റഹ്മാൻ വെള്ളിമാട് കുന്ന് നന്ദിയും പറഞ്ഞു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികൾ, സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

