മുനിസിപ്പൽ നിയമലംഘനം; ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നത് വിജയകരം
text_fieldsഅസീർ പ്രവിശ്യയിൽ മുനിസിപ്പൽ നിയമലംഘനങ്ങൾ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നത് പരീക്ഷിച്ചപ്പോൾ
റിയാദ്: സൗദിയിൽ ഡ്രോണുകൾ ഉപയോഗിച്ച് മുനിസിപ്പൽ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ആദ്യ പരിപാടി വിജയകരം. അസീർ പ്രവിശ്യയിലാണ് മുനിസിപ്പൽ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് ഡ്രോണുകൾ പരീക്ഷിച്ചത്.അസീർ മുനിസിപ്പാലിറ്റിയിലെ ഏറ്റവും പുതിയ ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ പരിവർത്തന പരിപാടിയുടെ വിജയമാണിതെന്ന് അസീർ മേയർ അബ്ദുല്ല അൽജാലി പറഞ്ഞു.
മുനിസിപ്പൽ നിയമലംഘനങ്ങൾ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കുന്നത് സൗദിയിൽ ആദ്യത്തേതാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അസീർ മുനിസിപ്പാലിറ്റിയും മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയവും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പരീക്ഷണങ്ങൾ ആരംഭിച്ചത്. ആദ്യ ഘട്ടമായി അബഹ, ഖമീസ് മുഷൈത്ത് പ്രദേശങ്ങളിൽ ആപ്ലിക്കേഷൻ നടപ്പാക്കിയെന്നും അൽജാലി പറഞ്ഞു.
നിർമിതബുദ്ധി ഉപയോഗിച്ചാണ് ഡ്രോൺ പ്രവർത്തിക്കുന്നത് എന്നും പദ്ധതികൾ നിരീക്ഷിക്കുന്നതിനും നിർമാണ, ഉത്ഖനന ലംഘനങ്ങൾ, മാലിന്യ നിക്ഷേപം, കൈയേറ്റങ്ങൾ എന്നിവ കണ്ടെത്തുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും മനുഷ്യെൻറ ഇടപെടൽ ആവശ്യമില്ലെന്നും അൽജാലി പറഞ്ഞു.
കൂടാതെ പദ്ധതികൾ നിരീക്ഷിക്കുകയും ലംഘനങ്ങൾ ട്രാക്ക് ചെയ്യുകയും വേഗത്തിലും അസാധാരണമായ കൃത്യതയോടെയും സർവേകൾ നടത്തുകയും ചെയ്യുന്നു. ലൈസൻസുകൾ നൽകൽ, പദ്ധതികൾ അംഗീകരിക്കൽ, നിരീക്ഷണം മെച്ചപ്പെടുത്തൽ, കാഴ്ച നന്നാക്കൽ, പദ്ധതി ഗുണനിലവാരം മെച്ചപ്പെടുത്തൽ, സുതാര്യത വർധിപ്പിക്കൽ, പോരായ്മകൾ കുറയ്ക്കൽ തുടങ്ങിയ മുനിസിപ്പൽ സേവനങ്ങളും ഇടപാടുകളും ത്വരിതപ്പെടുത്തുന്നതിന് ഈ സാങ്കേതികവിദ്യ സംഭാവന ചെയ്യുമെന്ന് അൽജാലി പറഞ്ഞു. പുതിയ മേഖലകളിൽ ഡ്രോൺ പരീക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിലവിൽ നടന്നുവരികയാണ്. താമസക്കാരുടെ പരാതികൾ പരിശോധിക്കുക, അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും ട്രാക്ക് ചെയ്യുക തുടങ്ങിയവ ഇതിലുൾപ്പെടുമെന്നും അൽജാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

