കേളി കുടുംബ വേദി ‘ജ്വാല 2025 അവാർഡ്’ മീര റഹ്മാന് സമ്മാനിച്ചു
text_fieldsകേളി കുടുംബ വേദി ‘ജ്വാല 2025 അവാർഡ്’ ചടങ്ങ് ദമ്മാം നവോദയ കുടുംബ വേദി കൺവീനർ ഡോ. രശ്മി രാമചന്ദ്രൻ
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേളി കുടുംബ വേദിയുടെ ‘ജ്വാല 2025’ അവാർഡ് റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാന് സമ്മാനിച്ചു. റിയാദിലെ ദറാത്സലാം ഇന്റർനാഷനൽ ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുടുംബ വേദി സെക്രട്ടറി സീബ കൂവോട് അവാർഡ് സമ്മാനിച്ചു. മീര റഹ്മാന്റെ അഭാവത്തിൽ ഇന്ത്യൻ സ്കൂൾ സ്റ്റാഫ് ഹസീന മൻസൂർ മീര റഹ്മാനുവേണ്ടി അവാർഡ് ഏറ്റുവാങ്ങി.
ആലുവ സ്വദേശിയായ മീര റഹ്മാൻ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ ചരിത്രത്തിൽ പ്രിൻസിപ്പൽ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ്. ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും റിയാദിലെ വാട്ടർടാങ്കിൽ വീണ് ജീവൻ പൊലിഞ്ഞ ഇന്ത്യൻ സ്കൂൾ കെ.ജി വിദ്യാർഥിയായ തമിഴ്നാട് സ്വദേശി ആസിയ എന്ന കുഞ്ഞിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തിയാണ് ജ്വാല 2025 ന്റെ കലാപരിപാടികൾ ആരംഭിച്ചത്. അന്തർദേശീയ വനിതാദിനത്തോടനുബന്ധിച്ച് പ്രവാസ ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച വനിതകൾക്കായി കുടുംബവേദി ഏർപ്പെടുത്തിയതാണ് ‘ജ്വാല അവാർഡ്’. സാംസ്കാരിക സമ്മേളനത്തിൽ കുടുംബ വേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു.
ദമ്മാം നവോദയ കുടുംബ വേദി കൺവീനർ ഡോ. രശ്മി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതിയംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രസിഡന്റ് സെബിൻ ഇക്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു.മൈലാഞ്ചി ഇടൽ മത്സരത്തിൽ അൽഫിയ ഒന്നാം സമ്മാനവും ഷഹാന രണ്ടാം സമ്മാനവും ഷംല മൂന്നാം സമ്മാനവും നേടി. അറബിക് ഡിസൈൻ പ്രമേയമായി ഒരുമണിക്കൂറായിരുന്നു മത്സര സമയം നിശ്ചയിച്ചിരുന്നത്. അൽ യാസ്മിൻ സ്കൂളിലെ അധ്യാപിക ഫാത്തിമ ജിനീഷ്, ചിത്രകലാകാരി മായാ കിഷോർ എന്നിവർ വിധികർത്താക്കളായി. കുടുംബ വേദി ട്രഷറർ ശ്രീഷ സുകേഷ്, ഷംഷാദ് അഷറഫ് എന്നിവർ മത്സരം കോഓഡിനേറ്റ് ചെയ്തു.
ചലച്ചിത്ര -സീരിയൽ താരവും പ്രൊഡ്യൂസറുമായ ദിവ്യദർശൻ ജ്വാല വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കുടുംബവേദിയിലെ വനിതകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ, കിതാബ് -ദി ബാൻഡ് ഓഫ് ഹാർമണി ടീമിെൻറ ഗാനമേള, റീന കൃഷ്ണകുമാർ, രശ്മി വിനോദ്, നീതു നിതിൻ, ബിന്ദു സാബു എന്നിവരുടെ ശിക്ഷണത്തിൽ കുട്ടികൾ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ എന്നിവ ചടങ്ങിൽ അരങ്ങേറി.
വേദിക്കരികിലായി റിയാദിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വനിതാസംരംഭകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള സ്റ്റാളുകളും ഒരുക്കിയിരുന്നു. പ്രിയ വിനോദ്, വി.എസ്. സജീന, സീന സെബിൻ, വിജില ബിജു എന്നിവർ പരിപാടിയുടെ അവതാരകമാരായിരുന്നു. സിജിൻ കൂവള്ളൂർ, സുകേഷ് കുമാർ, ഗീത ജയരാജ്, ജയരാജ്, വി.കെ. ഷഹീബ, ദീപ രാജൻ, ജയകുമാർ, ജി.പി. വിദ്യ, ലാലി എന്നിവർ നേതൃത്വം നൽകി. കുദു, എലൈറ്റ് ഹോളിഡേയ്സ്, ഫ്രണ്ടി, നെസ്റ്റോ, അൽ റയാൻ പോളിക്ലിനിക്, സുബ്ഹാൻ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ചടങ്ങിൽ ഫലകം നൽകി ആദരിച്ചു. സെക്രട്ടറി സീബ കൂവോട് സ്വാഗതവും സംഘടക സമിതി കൺവീനർ വിജില ബിജു നന്ദിയും പറഞ്ഞു.

