മക്കയിൽ ഇന്ത്യൻ സ്കൂൾ വേണം -മലയാളീസ് നഴ്സസ് ഫോറം
text_fieldsമക്ക മലയാളീ നഴ്സസ് ഫോറം ഭാരവാഹികൾ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന
ഓപ്പൺ ഫോറത്തിൽ
ജിദ്ദ: മക്കയിൽ പതിറ്റാണ്ടുകളുടെ ചിരകാല സ്വപ്നമായ എംബസി സ്കൂൾ വരിക എന്ന ആവശ്യം ഇപ്പോഴും ശക്തമാണെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഏപ്രിൽ 11നു നടന്ന ഓപൺ ഫോറത്തിൽ മലയാളീസ് നഴ്സസ് ഫോറം ഉന്നയിച്ചു.
മക്കയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളീ നഴ്സുമാരുടെ കൂട്ടായ്മയാണ് മലയാളീ നഴ്സസ് ഫോറം (എം.എൻ.എഫ്). പുലർച്ചെ തുടങ്ങുന്ന രണ്ടു മണിക്കൂർ വീതം ഇരുവശത്തേക്കും പ്രതികൂല കാലാവസ്ഥയിലും യാത്ര ചെയ്തു പോകുന്ന കുട്ടികളും അവർക്ക് എല്ലാ സൗകര്യങ്ങളും ചെയ്യുന്ന രക്ഷിതാക്കളും വർഷങ്ങളായി മാനസികമായും ശാരീരികമായും സാമ്പത്തികമായും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഒരു പരിഹാരം കാണുകയെന്ന ഉദ്ദേശ്യത്തോടെയാണ് ബന്ധപ്പെട്ടവർ ആവശ്യം വീണ്ടും ഉന്നയിച്ച് ഓപൺ ഫോറത്തിൽ അപേക്ഷ നൽകിയത്.
സൗദി വിദ്യഭ്യാസ നയം അനുസരിച്ചു തങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങൾക്ക് എല്ലാ പിന്തുണയും ഭാവി പരിപാടികളുടെ ഒരു രൂപരേഖയും കോൺസുലേറ്റ് അധികൃതർ വിശദീകരിച്ചു.
കോൺസുലേറ്റ് സംഘത്തെ പ്രതിനിധീകരിച്ച ഫഹാദ് ആഹ്മെദ് ഖാൻ സൂരി (കോൺസൽ ജനറൽ), മുഹമ്മദ് ഹാഷിം (കോൺസൽ, കമ്യൂണിക്കേഷൻ ആൻഡ് കൊമേഴ്സ്), കമലേഷ് കുമാർ മീന (കോൺസൽ, സാമൂഹിക ക്ഷേമം), സയ്ദ് ഖുദ്റത്തുല്ലാഹ് (വൈസ് കോൺസൽ, സാമൂഹിക ക്ഷേമം) എന്നിവരും എം.എൻ.എഫ് ഭാരവാഹികളും രക്ഷിതാക്കളും പങ്കെടുത്തു.
മക്കയിൽ നിലവിലുള്ള എല്ലാ വിദ്യാർഥികളുടെയും വിവരശേഖരണത്തിന് https://forms.gle/oicDYgVYjkP12xVf6 എന്ന ലിങ്കിൽ വിവരങ്ങൾ ഉടനെ നൽകി സഹകരിക്കാൻ ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.

