ലോക റെക്കോഡ് തിളക്കത്തിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി
text_fieldsറിയാദ്: പ്രവാസ മണ്ണിൽ അറിവിെൻറയും സർഗാത്മകതയുടെയും പുതിയ അധ്യായം രചിച്ച് മലയാളി മെഡിക്കൽ വിദ്യാർഥിനി ഫാത്തിമ സെഹ്റ സമീർ. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഒത്തുചേർന്ന് തയാറാക്കിയ ഏറ്റവും വലിയ ‘മൾട്ടിനാഷനൽ സ്റ്റുഡൻറ് ആന്തോളജി’ എന്ന ലോക റെക്കോർഡ് നേട്ടത്തിലാണ് സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഈ കായംകുളം സ്വദേശിനി പങ്കാളിയായത്. ഈ നേട്ടത്തിന് യുനെസ്കോയുടെയും യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും പ്രത്യേക അനുമോദനവും ഫാത്തിമയെ തേടിയെത്തി. ‘വിസ്പേഴ്സ് ഓഫ് വാണ്ടർലസ്റ്റ്’ എന്ന സാഹിത്യ സമാഹാരത്തിൽ ഫാത്തിമ രചിച്ച ‘സേഫ് പ്ലേസ്’ എന്ന ചെറുകഥയാണ് ഈ നേട്ടത്തിന് അടിസ്ഥാനമായത്. 60 രാജ്യങ്ങളിൽ നിന്നുള്ള 66 യുവ എഴുത്തുകാരുടെ തൂലികയിൽ പിറന്ന ഈ പുസ്തകം കഴിഞ്ഞ നവംബറിൽ ഷാർജ എക്സ്പോ സെൻററിലാണ് പ്രകാശനം ചെയ്തത്.
യുവതലമുറയുടെ സർഗാത്മകതയുടെ പ്രതീകമായി വിലയിരുത്തപ്പെടുന്ന ഈ പുസ്തകം, വിവിധ രാജ്യങ്ങളിലെ ആചാരങ്ങളും സംസ്കാരവും പൈതൃകവും പങ്കുവെക്കുന്ന മികച്ചൊരു ഉദ്യമമാണ്. കണ്ണൂർ സ്വദേശി എം.ഒ. രഘുനാഥ് ഒരു വർഷത്തെ ശ്രമഫലമായാണ് ഈ ഗ്രന്ഥം സമാഹരിച്ചത്. ആലപ്പുഴ കായംകുളം സ്വദേശിയും റിയാദിലെ റൊയ്ബെക് ട്രാവൽസ് മാനേജറുമായ സമീർ കാസ്സിം കോയയുടെയും അധ്യാപികയും എഴുത്തുകാരിയുമായ നിഖില സമീറിെൻറയും മകളാണ് ഫാത്തിമ സെഹ്റ. എൽ.കെ.ജി മുതൽ പ്ലസ് ടു വരെ റിയാദിൽ പഠിച്ച ഫാത്തിമ ഖുർആൻ പൂർണമായും മനഃപാഠമാക്കിയിട്ടുണ്ട്. ചിത്രകലയിലും അറബിക് കാലിഗ്രഫിയിലും ഒരുപോലെ മികവ് തെളിയിച്ചിട്ടുള്ള ഫാത്തിമ ഇപ്പോൾ ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. സഹല സമീർ, സിമാം ബിൻ സമീർ എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

