സൗദി ബിഗ് ബജറ്റ് ചിത്രത്തിൽ മലയാളി പെൺകൊടി; അമിത ഏലിയാസിന് അപൂർവ്വനേട്ടം
text_fields1. അമിത ഏലിയാസ് ‘7 ഡോഗ്സ്’ സിനിമയിൽ, 2. ബോളിവുഡ് താരം സഞ്ജയ് ദത്തിനോടൊപ്പം റിയാദിലെ ഷൂട്ടിങ് ലൊക്കേഷനിൽ,
ദമ്മാം: കേരളത്തിെൻറ സൗന്ദര്യ റാണിയാകാനുള്ള മത്സരത്തിൽ നേരിയ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം കൈവിട്ടുപോയെങ്കിലും, തൃശൂർ സ്വദേശിനിയായ അമിത ഏലിയാസിനെ കാത്തിരുന്നത് അന്താരാഷ്ട്ര തലത്തിലുള്ള ഒരു അപൂർവ ഭാഗ്യമായിരുന്നു. ലോകമെമ്പാടും മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന സൗദി അറേബ്യയുടെ ബിഗ് ബജറ്റ് അറബ് ചിത്രമായ ‘7 ഡോഗ്സി’ൽ ശ്രദ്ധേയമായ വേഷം ചെയ്യാനുള്ള അവസരമാണ് ഈ പ്രവാസി മലയാളിക്ക് ലഭിച്ചിരിക്കുന്നത്.
ഭർത്താവ് ഷാേൻറായോടൊപ്പം
ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രമുഖ താരങ്ങളായ സൽമാൻ ഖാൻ, സഞ്ജയ് ദത്ത് എന്നിവർക്കൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് അമിത. തൃശൂർ മണ്ണുത്തി ചുവന്നമണ്ണ് വെല്ലൂരാൻ ഹൗസിൽ വക്കത്താനം ഏലിയാസ് - മേരി ദമ്പതികളുടെ മകളായ അമിത, 2025-ലെ മിസ് കേരള സൗന്ദര്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു.
ദമ്മാമിലിരുന്ന് ഓൺലൈൻ വഴിയാണ് മത്സരത്തിെൻറ ആദ്യഘട്ടങ്ങളിൽ അമിത പങ്കെടുത്തത്. ഫൈനലിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഒന്നാം സ്ഥാനം നഷ്ടമായതെങ്കിലും, ആ നിരാശയിൽ തളരാതെ മോഡലിങ്, നൃത്തം, അഭിനയം, പ്രോഗ്രാം പ്രസേൻറഷൻ തുടങ്ങിയ മേഖലകളിൽ താരം സജീവമായി നിലകൊണ്ടു.
സൗദിയിലെ അരാംകോ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുടെ പരിപാടികളിൽ അവതാരകയായും മോഡലായും തിളങ്ങുന്നതിനിടയിലാണ് അമിതയെ ഒരു കാസ്റ്റിങ് ഏജൻറ് പരിചയപ്പെടുന്നത്. തുടർന്ന് അമിതയുടെ ബയോഡാറ്റ ‘7 ഡോഗ്സി’െൻറ അണിയറപ്രവർത്തകർക്ക് മുന്നിലെത്തുകയും, മിസ് കേരള റണ്ണറപ്പ് പദവി സിനിമയിലേക്കുള്ള വഴി എളുപ്പമാക്കുകയുമായിരുന്നു. റിയാദിലെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയപ്പോഴാണ് ഇത് സൗദി സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണെന്നും സൽമാൻ ഖാൻ, സഞ്ജയ് ദത്ത് എന്നിവരടക്കമുള്ള വൻ താരനിരയാണ് ചിത്രത്തിലുള്ളതെന്നും അമിത അറിയുന്നത്.
അന്താരാഷ്ട്ര താരനിരയോടൊപ്പം
സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി നിർമിച്ച ഈ ചിത്രം സൗദിയിലെ ആദ്യത്തെ ബിഗ് ബജറ്റ് ആക്ഷൻ സിനിമയാണ്. ഹോളിവുഡ് ചിത്രം ‘ബാഡ് ബോയ്സ്: റൈഡ് ഓർ ഡൈ’ എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ മൊറോക്കൻ-ബെൽജിയൻ സംവിധായക ജോഡി ആദിൽ എൽ-അർബിയും ബിലാൽ ഫല്ലായും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
‘ബാഡ് ബോയ്സ്’ സിനിമയുടെ പ്രചാരണത്തിനായി സൗദിയിലെത്തിയ സംവിധായകരോട് ജനറൽ എൻറർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ശൈഖാണ് ‘7 ഡോഗ്സി’െൻറ കഥ പങ്കുവെക്കുന്നതും ചിത്രം യാഥാർത്ഥ്യമാകുന്നതും.
വിവിധ രാജ്യങ്ങളിലെ സംസ്കാരങ്ങളെയും മനുഷ്യരെയും സിനിമയിലൂടെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രത്തിൽ ആഗോള താരങ്ങളെ അണിനിരത്തിയത്. പ്രമുഖ അറബ് താരങ്ങളായ അഹമ്മദ് എസ്, കരിം, അബ്ദുൽ അസീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ, പ്രശസ്ത യു.എസ് നടൻ ജിയാൻകാർലോ എസ്പോസിറ്റോ, ജർമൻ-ഇന്തോനേഷ്യൻ താരം മാക്സ് ഹുവാങ് തുടങ്ങിയ ഹോളിവുഡ് അന്താരാഷ്ട്ര താരങ്ങളും അണിനിരക്കുന്നുണ്ട്.
ഒരു വർഷം മുൻപ് തന്നെ ചിത്രത്തിെൻറ ഷൂട്ടിങ് പൂർത്തിയായിരുന്നെങ്കിലും, സിനിമ പുറത്തിറങ്ങുന്നത് വരെ അമിത ഈ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. നിലവിൽ പ്രഫഷനൽ ഡയറ്റീഷ്യൻ കൂടിയായ അമിത സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഇതിനോടകം നിരവധി പരസ്യചിത്രങ്ങളിലും അമിത വേഷമിട്ടിട്ടുണ്ട്. ഷാേൻറാ ആണ് ഭർത്താവ്. ഏക മകൻ ആര്യൻ. ചെറുപ്പം മുതലുള്ള തെൻറ അഭിനയമോഹത്തിന് ആഗോളതലത്തിൽ തന്നെ വലിയൊരു അംഗീകാരം ലഭിച്ചതിെൻറ ആഹ്ലാദത്തിലാണ് അമിതയും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

