മക്ക സംയുക്ത പ്രതിരോധ കരാർ: ഏതെങ്കിലും പ്രത്യേക രാജ്യത്തെ ലക്ഷ്യമിട്ടുള്ളതല്ല –റജബ് തയ്യിബ് ഉർദുഗാൻ
text_fieldsമക്ക: സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച ‘മക്ക സംയുക്ത പ്രതിരോധ കരാർ’ സുരക്ഷാ-പ്രതിരോധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള തന്ത്രപ്രധാനമായ ചുവടുവെപ്പാണെന്ന് തുർക്കിയ പ്രസിഡൻറ് റജബ് തയ്യിബ് ഉർദുഗാൻ വ്യക്തമാക്കി. കൂട്ടായ പ്രതിരോധ തത്വത്തിലധിഷ്ഠിതമായ ഈ കരാർ ഏതെങ്കിലും പ്രത്യേക രാജ്യത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്നും, മറിച്ച് മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുകയാണ് ഇതിെൻറ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ പ്രത്യേക ക്ഷണപ്രകാരമാണ് താൻ ഉച്ചകോടിയിൽ പങ്കെടുത്തതെന്ന് ‘എക്സ്’ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഉർദുഗാൻ വ്യക്തമാക്കി. സൗദി കിരീടാവകാശിയുമായും പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാസ് ഷരീഫുമായും നടത്തിയ സുപ്രധാന ചർച്ചകൾക്ക് ശേഷമാണ് ചരിത്രപരമായ കരാറിൽ മൂന്ന് രാജ്യങ്ങളും ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങൾക്കുമിടയിൽ സുരക്ഷാബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിരോധ വ്യവസായ മേഖലയിൽ സംയുക്ത പദ്ധതികൾ ആവിഷ്കരിക്കാനും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം കൂടുതൽ ഊർജിതമാക്കാനും ഈ കരാർ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിലെ അടിസ്ഥാന തത്വങ്ങളിലൊന്നായ ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ 51-ാം അനുച്ഛേദം മുന്നോട്ടുവെക്കുന്ന സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ഉറപ്പിക്കുന്നതാണ് ഈ കരാർ.
മേഖലയിൽ സമാധാനവും സമൃദ്ധിയും സ്ഥിരതയും നിലനിർത്താൻ ആഗ്രഹിക്കുന്ന മറ്റ് സൗഹൃദ രാജ്യങ്ങൾക്കും ഈ കൂട്ടായ്മയുടെ ഭാഗമാകാൻ അവസരമുണ്ടായിരിക്കും. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് സംഭാഷണങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും തർക്കങ്ങൾ പരിഹരിക്കുന്നതിനെ തുർക്കിയ തുടർന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സന്ദർശനവും ഉച്ചകോടിയിലെ തീരുമാനങ്ങളും മേഖലയ്ക്ക് നന്മയും ശാശ്വത സ്ഥിരതയും കൈവരുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച തുർക്കിയ പ്രസിഡൻറ്, പ്രാദേശിക സുരക്ഷ വർധിപ്പിക്കുന്നതിനും വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള മൂന്ന് രാജ്യങ്ങളുടെയും സംയുക്ത ഇച്ഛാശക്തിയാണ് ഈ സഹകരണത്തിലൂടെ പ്രതിഫലിക്കുന്നതെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

