മക്കയിലെ ഹിറാ സാംസ്കാരിക കേന്ദ്രത്തിൽ പ്രത്യേക വിജ്ഞാന-വിനോദ പരിപാടി
text_fieldsമക്കയിലെ ഹിറാ സാംസ്കാരിക കേന്ദ്രത്തിൽ കുടുംബങ്ങൾക്കായി ഒരുക്കിയ പ്രത്യേക വിജ്ഞാന-വിനോദ പരിപാടി
മക്ക: ‘വിജ്ഞാനവും സർഗ്ഗാത്മകതയും നിറഞ്ഞ ഒരു പുതിയ വർഷത്തിന് ഹിറായിൽ തുടക്കമിടാം’ എന്ന സന്ദേശവുമായി മക്കയിലെ ഹിറാ കൾച്ചറൽ ഡിസ്ട്രിക്റ്റ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ‘ഹിറാ.. ബിഗിനിങ് ഓഫ് ആൻ ഇംപാക്ട്’ എന്ന പേരിലാണ് ഈ വിജ്ഞാന-വിനോദ പരിപാടി നടക്കുന്നത്.
ഹിറാ പർവതത്തിെൻറ ചരിത്രപരമായ പ്രാധാന്യത്തെയും വിശുദ്ധിയെയും ആസ്പദമാക്കി, കുടുംബങ്ങൾക്ക് ഒരുമിച്ച് ആസ്വദിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും കഴിയുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധിയായ പരിപാടികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
നാടകങ്ങൾ, വിജ്ഞാന മത്സരങ്ങൾ, വിനോദ കളികൾ, കരകൗശല വസ്തുക്കളുടെ നിർമാണം, വിവിധ പ്രായക്കാർക്കുള്ള പ്രത്യേക പഠന പ്രവൃത്തികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിരവധി കുടുംബങ്ങളാണ് ഈ പരിപാടികളിൽ പങ്കെടുക്കാനായി എത്തുന്നത്.
പരിപാടിയിലെ പ്രധാന ആകർഷണം ‘എജുക്കേഷൻ കാരവൻ’ ആണ്. കുട്ടികളിൽ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കാനുള്ള ആഗ്രഹവും കഴിവുകളും വളർത്തുന്ന ലളിതമായ വിവരങ്ങളാണ് ഇതിലൂടെ പങ്കുവെക്കുന്നത്. ഇതുകൂടാതെ, കുട്ടികളിലും യുവാക്കളിലും പുതിയ ആശയങ്ങളും ലക്ഷ്യബോധവും നവീകരണ ശേഷിയും വളർത്തിയെടുക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്ന ‘വിഷൻ ആൻഡ് അച്ചീവ്മെൻറ്’ കോർണറും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
മക്ക സന്ദർശിക്കുന്നവരുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നാണ് ചരിത്രപ്രസിദ്ധമായ ഹിറാ പർവതം. ഇതിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഹിറാ കൾച്ചറൽ ഡിസ്ട്രിക്റ്റ്, സന്ദർശകർക്ക് വളരെ മികച്ച അനുഭവമാണ് നൽകുന്നത്. ഹിറാ പർവതത്തിെൻറ ചരിത്രവും പ്രാധാന്യവും മനസ്സിലാക്കി കൊടുക്കുന്നതിലൂടെ, വെറുമൊരു കാഴ്ച കാണൽ എന്നതിനപ്പുറം അറിവും സർഗാത്മകതയും പകരുന്ന ഒരു നല്ല അനുഭവമാക്കി ഈ സന്ദർശനത്തെ മാറ്റാൻ ഈ പരിപാടിക്ക് സാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

