മക്ക ഹറമിൽ ഉന്തുവണ്ടി സേവനത്തിനായി കൂടുതൽ ആളുകൾ
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകരുടെ വരവ് കൂടിയതോടെ മക്ക ഹറമിൽ ഉന്തുവണ്ടി സേവനത്തിനായി കൂടുതൽ ആളുകളെ നിയോഗിച്ചു. മത്വാഫ്, റുവാഖ് സൗദി, ഹറം ഒന്നാം നില എന്നിവിടങ്ങളിലാണ് ഉന്തുവണ്ടി സേവനത്തിനായി ഇരുഹറം കാര്യാലയത്തിന് കീഴിലെ ഉന്തുവണ്ടി വകുപ്പ് കൂടുതലാളുകളെ നിയോഗിച്ചിരിക്കുന്നത്.
മത്വാഫിലെ സൗദി വികസന (റവാഖ് സൗദി) ഏരിയയില്‍ വീല്‍ചെയര്‍ സര്‍വിസ് ആരംഭിച്ചതായി വകുപ്പ് മേധാവി അഹ്മദ് ബിൻ സ്വാലിഹ് അൽമഖാത്തി അറിയിച്ചു.
തീർഥാടകരുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണിത്. റുവാഖ് സൗദിയിൽ തിരക്ക് കുറക്കാനും ഉന്തുവണ്ടി ഉപയോഗിക്കുന്നവർക്ക് വേണ്ട മാർഗനിർദേശങ്ങളും വിശദീകരണങ്ങളും നൽകാനും നിരീക്ഷിക്കാനും കൂടുതൽ ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഉന്തുവണ്ടി സേവനം നൽകുന്ന സ്ഥലങ്ങളിലേക്ക് ആളുകൾക്ക് വേഗം എത്തിപ്പെടാൻ കൂടുതൽ ഡിജിറ്റൽ സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

