തീർഥാടകരുടെ സേവന സൗകര്യ വികസനം തുടരുമെന്ന് മക്ക ഡെപ്യൂട്ടി ഗവർണർ
text_fieldsജിദ്ദ: തീർഥാടകർക്കുള്ള സേവന സൗകര്യം വികസിപ്പിക്കുന്നത് തുടരാൻ ഭരണകൂടം ആഗ്രഹിക്കുന്നുവെന്ന് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ പറഞ്ഞു. സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് അഞ്ചാമത് ഹജ്ജ് സമ്മേളനത്തിെൻറയും പ്രദർശനത്തിെൻറയും ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൗദി രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിെൻറ കാലം മുതൽ തീർഥാടകരെ സേവിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ശ്രമങ്ങൾ സൗദി തുടരുന്നു.
തീർഥാടകർക്ക് എളുപ്പത്തിലും മനസ്സമാധാനത്തോടെയും കർമങ്ങൾ നിർവഹിക്കാൻ കഴിയുന്നതിന് ഹജ്ജ്, ഉംറ തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള സൗദിയുടെ താൽപ്പര്യം ഡെപ്യൂട്ടി ഗവർണർ ഊന്നിപറഞ്ഞു. കഴിഞ്ഞ വർഷത്തെ ഹജ്ജ് സീസണിൽ നല്ല പ്രവർത്തനഫലങ്ങളാണുണ്ടായത്. എല്ലാ വകുപ്പുകളും പരസ്പരം സഹകരിച്ച് നടത്തിയ വലിയ ശ്രമങ്ങളെയും മികച്ച സംഘാടനത്തെയും സേവനങ്ങളെയും ഗവർണർ പ്രശംസിച്ചു. ഈ സമ്മേളനത്തിെൻറ ഫലങ്ങൾ സഹകരണവും സംയുക്ത ഏകോപനവും ശക്തിപ്പെടുത്തുന്നതിനും മുൻ സമ്മേളനങ്ങളിൽ നേടിയ വിജയങ്ങളെ അടിസ്ഥാനമാക്കി കെട്ടിപ്പടുക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
‘മക്കയിൽനിന്ന് ലോകത്തിലേക്ക്’ എന്ന പ്രമേയത്തിൽ നാല് ദിവസം നീണ്ടുനിൽക്കുന്ന ഹജ്ജ് ഉംറ സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള 2400ലധികം പരിശീലകർ, നിരവധി അക്കാദമിക് വിദഗ്ധർ, ഗവേഷകർ, ഹജ്ജ് കാര്യ ഓഫീസുകൾ, നയതന്ത്ര ദൗത്യങ്ങൾ എന്നിവർ പങ്കെടുക്കുന്നു. 80-ലധികം സെഷനുകളും 60 പ്രത്യേക വർക്ക്‌ഷോപ്പുകളും സമ്മേളന പരിപാടിയിൽ ഉൾപ്പെടുന്നു. യാത്ര, ടൂറിസം, ഗതാഗതം, ആശയവിനിമയം, ആരോഗ്യം, കാറ്ററിങ്, ഹോട്ടലുകൾ, സാങ്കേതികവിദ്യ, ഇൻഷുറൻസ്, ക്രൗഡ് മാനേജ്മെൻറ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളുടെ പങ്കാളിത്തവുമുണ്ട്. 52,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രദർശന നഗരിയിൽ ലോകമെമ്പാടുംനിന്ന് 260ലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. സർക്കാർ, സ്വകാര്യ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ തമ്മിൽ 800 കരാറുകളിൽ ഒപ്പുവെക്കുന്നതിന് സമ്മേളനം സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോട്ടോ: ജിദ്ദ സൂപ്പർ ഡോമിൽ ആരംഭിച്ച ഹജ്ജ്, ഉംറ സമ്മേളനവും പ്രദർശനവും അഞ്ചാംപതിപ്പ് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

