മക്ക, റിയാദ് ഗവർണർമാരുടെ സേവന കാലാവധി നാല് വർഷത്തേക്ക് കൂടി നീട്ടി
text_fieldsമക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ, റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ
റിയാദ്: മക്ക, റിയാദ് പ്രവിശ്യാ ഗവർണർമാരുടെ സേവന കാലാവധി നാല് വർഷത്തേക്ക് കൂടി നീട്ടി നൽകിക്കൊണ്ട് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. മന്ത്രിസഭാ പദവിയോടെയാണ് ഇരുവർക്കും കാലാവധി നീട്ടിനൽകിയിട്ടുള്ളത്.
സൽമാൻ രാജാവിെൻറ ഉപദേഷ്ടാവ് കൂടിയായ മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിനെ 2007-ലാണ് ആദ്യമായി മക്ക ഗവർണറായി നിയമിക്കുന്നത്. തുടർന്ന് 2015 ജനുവരി 29-ന് മന്ത്രി പദവിയോടെ മക്ക ഗവർണർ പദവിയുടെ കാലാവധി നീട്ടിയതിന് പുറമെ സൽമാൻ രാജാവിെൻറ ഉപദേഷ്ടാവായി കൂടി നിയമിക്കുകയും ചെയ്തു.
മക്ക പ്രവിശ്യയിലെ ദീർഘകാല ഭരണപരവും വികസനപരവുമായ മുന്നേറ്റങ്ങൾക്കും നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്നതിനിടയിലാണ് ഇപ്പോൾ വീണ്ടും കാലാവധി നീട്ടിനൽക്കിക്കൊണ്ടുള്ള പുതിയ രാജകീയ ഉത്തരവ്.
സൗദിയിലെ ദീർഘകാല ഭരണപരിചയമുള്ള ഏറ്റവും മുതിർന്ന പ്രമുഖരിൽ ഒരാളാണ് അമീർ ഖാലിദ് അൽ ഫൈസൽ. 1967-ൽ യൂത്ത് വെൽഫെയർ ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1971 മുതൽ 2007 വരെ അസീർ പ്രവിശ്യയുടെ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം, സാഹിത്യം, കലകൾ എന്നിവയോട് വലിയ താൽപ്പര്യം പുലർത്തുന്ന അദ്ദേഹം അബഹ കൾച്ചറൽ അവാർഡ്, അറബ് തോട്ട് ഫൗണ്ടേഷൻ, അൽ ഫൈസൽ മാഗസിൻ ഉൾപ്പെടെയുള്ള പ്രമുഖ സാംസ്കാരിക സംരംഭങ്ങൾക്കും സ്ഥാപനങ്ങൾക്കും തുടക്കം കുറിക്കുകയും പിന്തുണ നൽകുകയും ചെയ്തു.
കൂടാതെ, മക്ക കൾച്ചറൽ ഫോറം, അമീർ ഖാലിദ് അൽ ഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മോഡറേഷൻ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന അദ്ദേഹം കിങ് ഫൈസൽ അവാർഡ് ബോർഡിെൻറ അധ്യക്ഷൻ കൂടിയാണ്. രാജ്യത്തിന് നൽകിയ മഹത്തായ സേവനങ്ങളെ മാനിച്ച് 2019-ൽ സൽമാൻ രാജാവ് അദ്ദേഹത്തിന് ‘കിങ് അബ്ദുൽ അസീസ് സ്കാർഫ്’ സമ്മാനിച്ചിരുന്നു.
റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദറിെൻറ സേവന കാലാവധിയും മന്ത്രി പദവിയോടെ നാല് വർഷത്തേക്കാണ് നീട്ടിയത്. മുമ്പ് ഖസീം പ്രവിശ്യാ ഗവർണറായിരുന്ന അമീർ ഫൈസൽ ബിൻ ബന്ദറിനെ 2015 ജനുവരി 29-നാണ് റിയാദ് ഗവർണറായി നിയമിക്കുന്നത്. അദ്ദേഹത്തിെൻറ ഭരണത്തിൻ കീഴിൽ ബഹുമുഖമായ വികസന-ഭരണ പരിഷ്കാരങ്ങൾക്കാണ് റിയാദ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

