സൗദി സമുദ്ര ടൂറിസം മേഖലയിൽ വൻ മുന്നേറ്റം; ചെങ്കടലിൽ കാഴ്ചയുടെ വസന്തമൊരുക്കി ഡോൾഫിൻ കൂട്ടങ്ങൾ
text_fieldsയാംബു: സൗദി അറേബ്യയുടെ ചെങ്കടൽ തീരങ്ങളിൽ വിരുന്നെത്തുന്ന ഡോൾഫിൻ കൂട്ടങ്ങൾ സഞ്ചാരികളുടെ പ്രധാന ആ ആകർഷണകേന്ദ്രമാകുന്നു. പ്രകൃതി സ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ നയനമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഈ സമുദ്ര പ്രതിഭാസം, രാജ്യത്തെ തീരദേശ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവാണ് നൽകിയിരിക്കുന്നത്.
സ്വാഭാവിക ആവാസവ്യവസ്ഥയിൽ ഡോൾഫിനുകളുടെ പെരുമാറ്റം അടുത്തുനിന്നു നിരീക്ഷിക്കാൻ നിരവധി ആളുകളാണ് നിലവിൽ ചെങ്കടൽ തീരങ്ങളിലേക്ക് എത്തുന്നത്. ചെങ്കടൽ സമുദ്ര ജൈവവൈവിധ്യത്തിെൻറ പ്രധാന ഘടകമായ ഡോൾഫിനുകളെ നിരീക്ഷിക്കാൻ സൗദി അധികൃതർ പ്രത്യേക സംവിധാനങ്ങൾ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. ഡോൾഫിനുകളുടെ സാന്നിധ്യം ടൂറിസത്തെ കൂടുതൽ ആകർഷകമാക്കുന്നതോടൊപ്പം, സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും സമുദ്രജീവി സംരക്ഷണത്തിെൻറ പ്രാധാന്യം പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിനും വിവിധ പദ്ധതികളാണ് സൗദി ചെങ്കടൽ തീരദേശ ടൂറിസം അതോറിറ്റി നടപ്പാക്കി വരുന്നത്.
കടൽ പരപ്പിൽ ഉയർന്ന ചാടിയും വട്ടം ചുറ്റിയും കളിതമാശകളിൽ ഏർപ്പെടുന്ന ‘സ്പിന്നർ ഡോൾഫിനുകളുടെ’ സവിശേഷമായ പ്രകടനങ്ങൾ കാണാൻ വലിയ ജനത്തിരക്കാണ് വിവിധ തീരങ്ങളിൽ അനുഭവപ്പെടുന്നത്. കൂട്ടമായി സഞ്ചരിക്കുന്ന ഇവയുടെ ചലനങ്ങളും ആശയവിനിമയ രീതികളും ഏറെ കൗതുകകരമാണ്.
ആശയവിനിമയം നടത്തുന്നതിനും ഇരയെ കണ്ടെത്തുന്നതിനും ചുറ്റുപാടുകൾ മനസിലാക്കുന്നതിനും ഡോൾഫിനുകൾ പ്രധാനമായും ശബ്ദതരംഗങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാൽ തന്നെ ഇവയുടെ സ്വാഭാവിക അന്തരീക്ഷം സംരക്ഷിക്കുന്നതിനായി സമുദ്രത്തിലെ ശബ്ദമലിനീകരണം കുറയ്ക്കുക, ഇവയെ അമിതമായി പിന്തുടരുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ അധികൃതർ കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
സമുദ്ര ടൂറിസം വികസിപ്പിക്കുന്നതിെൻറ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിനും പ്രവർത്തനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി സൗദി ചെങ്കടൽ അതോറിറ്റി കൃത്യമായ ചട്ടങ്ങൾ നിലവിൽ വരുത്തിയിട്ടുണ്ട്. പ്രകൃതിദത്ത വിഭവങ്ങൾ കൃത്യമായി സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുക എന്ന സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങളിലേക്ക് അതിവേഗം മുന്നേറുകയാണ് അതോറിറ്റി. ഇതിെൻറ ഭാഗമായി ചെങ്കടലിലെ അപൂർവ സമുദ്രജീവികളെയും ജൈവവൈവിധ്യങ്ങളെയും സംരക്ഷിക്കുന്നതിനും സമുദ്രവിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘ഡീപ്പർ ദാൻ യു സീ’ എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ കാമ്പയിന് അതോറിറ്റി തുടക്കം കുറിച്ചു.
ചെങ്കടലിെൻറ പ്രകൃതിദത്തമായ മികവുകൾ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കുക, സമുദ്ര ജീവികളുടെ സമ്പന്നത നിലനിർത്തുക, സഞ്ചാരികൾക്ക് മികച്ച അനുഭവം സമ്മാനിക്കുക, ഭാവി തലമുറകൾക്കായി ഈ സമുദ്ര സമ്പത്ത് സുരക്ഷിതമായി സംരക്ഷിക്കുക എന്നിവയാണ് ഈ കാമ്പയിനിലൂടെ അതോറിറ്റി പ്രധാനമായും ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.