ലുലു ഇനി പുണ്യനഗരമായ മക്കയിലും; ആദ്യ സ്റ്റോർ തുറന്നു
text_fieldsമക്കയിലെ ആദ്യ ലുലു സ്റ്റോർ ജബൽ ഒമർ ഡെവലപ്‌മെന്റ് കമ്പനി ലീസിങ് മാനേജർ സഹേർ അബ്ദുൽ മജീദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഹജ്ജ് ഉംറ കർമങ്ങൾ നിർവഹിക്കാനെത്തുന്ന തീർത്ഥാടകർക്ക് കൂടി സൗകര്യപ്രദമായി മക്കയിൽ പുതിയ ലുലു സ്റ്റോർ തുറന്നു. ജബൽ ഒമറിൽ മസ്ജിദ് അൽ ഹറാമിന് സമീപമാണ് പുതിയ ലുലു. മക്കയിലെ പ്രദേശവാസികൾക്കും തീർത്ഥാടകർക്കും ഉന്നത ഗുണനിലവാരമുള്ള ലോകോത്തര ഉത്പന്നങ്ങൾ ഉറപ്പാക്കുന്നതാണ് പുതിയ ലുലു സ്റ്റോർ. 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും. അവശ്യവസ്തുക്കൾ അടക്കം സുഗമമായി ലുലുവിലെത്തി വാങ്ങാനാകും. ജബൽ ഒമർ ഡെവലപ്‌മെന്റ് കമ്പനി ലീസിങ് മാനേജർ സഹേർ അബ്ദുൽ മജീദ് ഖാൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ജബൽ ഒമർ ഡെവലപ്‌മെന്റ് കമ്പനി ചീഫ് അസറ്റ് മാനേജ്‌മെൻറ് ഓഫീസർ സമീർ സബ്ര, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു സൗദി വെസ്റ്റേൺ പ്രൊവിൻസ് റീജനൽ ഡയറക്ടർ റഫീഖ് മുഹമ്മദ് അലി തുടങ്ങിയവർ ചടങ്ങിൽ ഭാഗമായി.
പുണ്യനഗരമായ മക്കയിലേക്ക് കൂടി ലുലുവിന്റെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും മക്കയിലെത്തുന്ന തീർത്ഥാടകർക്കും പ്രദേശവാസികൾക്കും ആഗോള ഷോപ്പിങ്ങ് അനുഭവമാണ് ലുലു നൽകുകയെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി പറഞ്ഞു. ലോകത്തെ വിവിധയിടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത ലുലു ഉറപ്പാക്കുന്നുണ്ടെന്നും തീർത്ഥാടകർക്ക് അടക്കം ഏറ്റവും മികച്ച സേവനം നൽകുകയാണ് ലുലുവിന്റെ ദൗത്യമെന്നും അദേഹം കൂട്ടിചേർത്തു.
13000 ഓളം സ്ക്വയർ ഫീറ്റിലാണ് ലുലു ഒരുങ്ങിയിരിക്കുന്നത്. എക്സ്പ്രസ് സൂപ്പർമാർക്കറ്റ്, ഫ്രഷ് ഫുഡ് സെക്ഷൻ, മൊബൈൽ ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്കായി ലുലു കണക്ട്, വിപുലമായ വസ്ത്രശേഖരവുമായി ലുലു ഫാഷൻ സ്റ്റോർ എന്നിയാണ് സജ്ജമായിരിക്കുന്നത്.
ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് മക്കയിലെ ലുലു സ്റ്റോറിൽ ഉറപ്പാക്കിയിരിക്കുന്നത്. ആഗോളതലത്തിൽ ലുലുവിന്റെ 250ആമത്തെ സ്റ്റോറാണ് മക്കയിലേത്. മൂന്ന് വർഷത്തിനുള്ളിൽ 100 സ്റ്റോറുകളെന്ന വികസനപദ്ധതിയിലാണ് ലുലു റീട്ടെയ്ൽ. സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിലേക്ക് റീട്ടെയ്ൽ സേവനം വ്യാപിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

