കെ.ഡി.എം.എഫ് പണ്ഡിത പ്രതിഭ പുരസ്കാരം സമര്‍പ്പിച്ചു
text_fieldsറിയാദ്: റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന് (കെ.ഡി.എം.എഫ് റിയാദ്) ഏര്‍പ്പെടുത്തിയ പാറന്നൂര്‍ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭ പുരസ്കാരം സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ഒളവണ്ണ അബൂബക്കര്‍ ദാരിമിക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്മാനിച്ചു. പണ്ഡിതന്മാരെ ആദരിക്കുകയെന്നത് പുണ്യപ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. പുരസ്കാരം നല്കി ആദരിക്കുകയെന്നത് ഇസ്ലാമിന്റെ ആവിര്‍ഭാവകാലം മുതല്‍ തുടരുന്ന രീതിയാണ്. ജ്ഞാനത്തിന്റെ എല്ലാ മേഖലയിലും അവഗാഹമുള്ള പണ്ഡിതനായ ഒളവണ്ണ അബൂബക്കര്‍ ദാരിമി മഹാ പണ്ഡിതനും സമസ്തയുടെ ട്രഷററുമായിരുന്ന പാറന്നൂര്‍ പി.പി ഇബ്രാഹിം മുസ്ലിയാരുടെ പേരിലുള്ള അവാര്‍ഡിന് തികച്ചും അര്‍ഹനാണ്.
വര്‍ഷങ്ങളായി അദ്ദേഹവുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാന്മാര് കാണിച്ചുതന്ന അതേ രീതിയില്‍ ഇസ്ലാം ഇവിടെ നിലനില്‍ക്കണം. അതിനുവേണ്ടിയാണ് സമസ്ത പ്രവര്‍ത്തിക്കുന്നതെന്നും സമസ്തയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.മുസ്ലിംസമുദായത്തെ ജനാധിപത്യ മാര്‍ഗത്തില്‍ നയിക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ സമസ്ത നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. ആത്മീയ വഴിയില്‍ അചഞ്ചലമായ ദൈവവിശ്വാസത്തില്‍ ഉറച്ചുനില്ക്കാന് സാധാരണ മനുഷ്യരെ പ്രേരിപ്പിക്കുന്ന സംഘടനയാണ് സമസ്ത. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന, കാരുണ്യത്തിന്റെ മതമാണ് ഇസ്ലാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാഗതസംഘം ചെയര്മാന് മുബശ്ശിര്‍ തങ്ങള്‍ ജമുല്ലൈലി അധ്യക്ഷതവഹിച്ചു. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രശസ്തിപത്ര സമര്‍പ്പണം നടത്തി.
കെ.ഡി.എം.എഫ് മുഖ്യരക്ഷാധികാരി മുസ്തഫ ബാഖവി പെരുമുഖം അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ട്രഷറര്‍ സൈനുല്‍ ആബിദ് മച്ചക്കുളം പ്രശസ്തി പത്രം വായിച്ചു. സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, മുശാവറ അംഗം എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, എം.കെ രാഘവന് എം.പി, അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, എം.പി അബ്ദുല്‍ഗഫൂര്‍ (സൂര്യ), ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ശമീര്‍ പുത്തൂര്‍ എന്നിവർ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഒ.പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും കണ്‍വീനര്‍ അബ്ദുല്‍ കരീം പയോണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

