ശ്രദ്ധേയമായി ജിദ്ദ ഇന്ത്യൻ സ്കൂൾ വാർഷിക അവാർഡ് വിതരണ ചടങ്ങ്
text_fieldsജിദ്ദ: 2025-26 അധ്യയന കാലത്തെ വാർഷിക അവാർഡ് ദാന ചടങ്ങ് ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സ് സെക്ഷൻ ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഫഹ്മീന ഖാൻ, ആബിദ ഖാത്തൂൻ, സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ ഡോ. മുഹമ്മദ് അസ്ലം, മറ്റ് എസ്.എം.സി അംഗങ്ങൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
സ്കൂൾ ഹെഡ് ബോയ് മുആസ് സിയാഉൽ ഹഖ്, ഹെഡ് ഗേൾ അഫ്സാന ഫാത്തിമ എന്നിവർ ചേർന്ന് അതിഥികളെ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. സദസ്സിനെ അഭിസംബോധന ചെയ്ത കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, തെൻറ അധ്യാപകർ തെൻറ ജീവിതത്തിലുണ്ടാക്കിയ ആഴത്തിലുള്ള സ്വാധീനം സ്മരിച്ചു. അവാർഡുകൾ നേട്ടങ്ങളെ അംഗീകരിക്കുന്നതാണെന്നും എന്നാൽ അത് ഒരാളുടെ കഴിവിനെ നിർവചിക്കുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അക്കാദമിക്, കായികം, കല, നവീകരണം, സാമൂഹിക സേവനം എന്നിങ്ങനെ ഓരോ കുട്ടിയുടെയും കഴിവുകൾ വ്യത്യസ്തമായാണ് പ്രകടമാകുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരന്തരം പഠിക്കാനും മെച്ചപ്പെടുത്താനും സ്വയം വിശ്വസിക്കാനും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇമ്രാൻ സ്വാഗതം ആശംസിക്കുകയും സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്‌കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ ഡോ. മുഹമ്മദ് അസ്ലം ചടങ്ങിൽ സംസാരിച്ചു. ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിൽ മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെയും പാഠ്യേതര പ്രവർത്തനങ്ങളിൽ തിളങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു. 12-ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സഫ മൊഹിയുദ്ദീൻ ഖാൻ (98.8 ശതമാനം), ആയിഷ നൗറീൻ ജമാൽ (98), അബ്ദു റഹ്മാൻ ബിൻ എഹ്തേഷാം (97.8), 10-ാം ക്ലാസ് പരീക്ഷയിൽ ഉയർന്ന സ്ഥാനങ്ങൾ നേടിയ അയാൻ മഹ്ഫൂസ് (99.2), നിർജ റംഭാജി ഗായകെ (98.8), അഹോൺ റോയ് (98.6) എന്നിവരും വിവിധ സ്ട്രീമുകളിലെ ടോപ്പർമാരും ആദരം ഏറ്റുവാങ്ങി.
അന്താരാഷ്ട്ര തലത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് സ്കൂളിനും രാജ്യത്തിനും അഭിമാനം നൽകിയ കായികതാരങ്ങളെ പ്രത്യേകമായി ആദരിച്ചു. കിങ്‌ഡം ചാമ്പ്യൻഷിപ്പ്, എലൈറ്റ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ (അണ്ടർ 19 സിംഗിൾസ്) സ്വർണ മെഡലുകൾ നേടിയ അമീന റഹാം, യു.എ.ഇയിൽ നടന്ന എ.സി.സി പ്രീമിയർ കപ്പിൽ സൗദി അണ്ടർ 19 ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച മുഹമ്മദ് ഹുസൈൻ എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകി. 2026-27 സ്കൂൾ ഡയറിയുടെ കവർ പേജ് രൂപകൽപ്പന ചെയ്ത യഹിയ നസ്രുൽ ഇസ്ലാമിനെയും ചടങ്ങിൽ ആദരിച്ചു. ഗേൾസ് സെക്ഷൻ അവതരിപ്പിച്ച കഥക് നൃത്തവും സ്കൂൾ മ്യൂസിക് ക്ലബ്ബിെൻറ സ്വാഗത ഗാനവും ചടങ്ങിന് മാറ്റുകൂട്ടി. ഡോ. ബുഷ്റ ഖാത്തൂൻ സൈദി ചടങ്ങിൽ നന്ദി പ്രകാശനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

