Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ അതിർത്തി അടച്ച് ഇറാഖ്; സൈനിക കമാൻഡറെ പുറത്താക്കി

text_fields
bookmark_border
ഇറാൻ അതിർത്തി അടച്ച് ഇറാഖ്; സൈനിക കമാൻഡറെ പുറത്താക്കി
cancel

റിയാദ്: സൗദി അറേബ്യക്കു നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, സുരക്ഷാ-ഭരണനിർവഹണ ക്രമീകരണങ്ങളുടെ ഭാഗമായി ഇറാനുമായുള്ള അതിർത്തി ചെക്ക് പോസ്റ്റ് ഇറാഖ് താത്കാലികമായി അടച്ചു. രാജ്യത്തിനുള്ളിൽ നിന്ന് സൗദിയെ ലക്ഷ്യമാക്കി ആക്രമണം നടന്നതായി സ്ഥിരീകരിച്ചതിനെ തുടർന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയും മെയ്സാൻ ഓപ്പറേഷൻസ് കമാൻഡറെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. സുരക്ഷാ പുനഃസംഘടനയുടെ ഭാഗമായി ചില അതിർത്തി കവാടങ്ങൾ താത്കാലികമായി അടച്ചതായി ഇറാഖ് സെക്യൂരിറ്റി മീഡിയ സെൽ ശനിയാഴ്ച രാവിലെ ഔദ്യോഗികമായി അറിയിച്ചു. ഇറാഖി സുരക്ഷാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇറാനുമായി അതിർത്തി പങ്കിടുന്ന ഷലാഞ്ചെ അതിർത്തി കവാടമാണ് അടച്ചത്.

യാത്രാസൗകര്യവും ചരക്ക് ഗതാഗതവും ഇവിടെ നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ സർബാത്തിയ, അൽ മുൻസിരിയ എന്നീ അതിർത്തികൾ വഴിയുള്ള യാത്രക്കാരുടെ ഗതാഗതം സാധാരണ നിലയിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അതിർത്തി കേന്ദ്രങ്ങളിൽ മുൻപുണ്ടായ സുരക്ഷാ വീഴ്ചകളെയും ലംഘനങ്ങളെയും കുറിച്ച് ഇൻറലിജൻസ് അന്വേഷണവും വിശദമായ പരിശോധനകളും ശക്തമാക്കിയതായി സെക്യൂരിറ്റി മീഡിയ സെൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഉചിതമായ പരിഹാരമാർഗങ്ങൾ നടപ്പാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഷലാഞ്ചെ അതിർത്തി അടച്ചതെന്ന് പ്രാദേശിക മാധ്യമമായ അൽ സുമരിയ റിപ്പോർട്ട് ചെയ്തു.

മെയ്സാൻ പ്രവിശ്യയിലെ ഒരു കേന്ദ്രത്തിൽ നിന്നാണ് സൗദിക്കെതിരെ ആക്രമണം ഉണ്ടായതെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മെയ്സാൻ ഓപ്പറേഷൻസ് കമാൻഡറെ ചുമതലയിൽ നിന്ന് ഒഴിവാക്കാനും സൈനിക നേതൃത്വത്തിനെതിരെ അന്വേഷണ കൗൺസിൽ രൂപവത്കരിക്കാനും പ്രധാനമന്ത്രി തീരുമാനിച്ചത്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര അന്വേഷണത്തിനും അദ്ദേഹം ഉത്തരവിട്ടു.

റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ് ലൈനിന് നേരെ ഇറാഖിൽ നിന്നുള്ള നിരവധി ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ ആളപായവും എണ്ണ പൈപ്പ് ലൈനിന് ചില നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഉടനടി തിരിച്ചടി നൽകുന്നതിന് പകരം ഇറാഖ് സർക്കാരിെൻറ നടപടികൾക്ക് പിന്തുണ നൽകാനാണ് സൗദി അറേബ്യ തീരുമാനിച്ചിട്ടുള്ളത്. സ്വന്തം മണ്ണിൽ നിന്നുള്ള ആക്രമണങ്ങൾ തടയാൻ കർശന നടപടിയെടുക്കാൻ സമയം വേണമെന്ന ഇറാഖി പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് സൗദിയുടെ ഈ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iraq closes border with Iran; expels military commander
Next Story