ഗൾഫിൽ പ്രത്യാക്രമണം തുടർന്ന് ഇറാൻ
text_fieldsസൗദിയിൽ ഷൈബ എണ്ണപ്പാടത്തിനുനേരെ ആക്രമണം
റിയാദ്: ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഉൽപാദന കേന്ദ്രങ്ങളിലൊന്നായ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് എത്തിയ ഒമ്പത് ഡ്രോണുകൾ സൗദി പ്രതിരോധസേന തകർത്തു. ഇതിനുപുറമെ, ഖർജ് പട്ടണത്തിന് സമീപമുള്ള അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകളെയും പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. കിഴക്കൻ പ്രവിശ്യയെ ലക്ഷ്യം വെച്ചെത്തിയ എട്ട് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും, അൽ ഖർജ് മേഖലയിൽ എത്തിയ അഞ്ച് ഡ്രോണുകളും, ഹഫർ അൽ ബാത്തിനിൽ എത്തിയ രണ്ട് ഡ്രോണുകളും നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മാത്രം റുബ് അൽ ഖാലി, കിഴക്കൻ അൽ ജൗഫ്, അൽ ഖർജ് എന്നിവിടങ്ങളിലായി 15ലധികം ഡ്രോണുകളെയും ഒരു ബാലിസ്റ്റിക് മിസൈലിനെയും സൈന്യം നിർവീര്യമാക്കി.
ദുബൈയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
തുടർച്ചയായി 12ാ ദിനവും യു.എ.ഇയിൽ ആക്രമണം നടത്തി ഇറാൻ. ബുധനാഴ്ച ദുബൈ വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകൾ പതിച്ച് ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പ്രവാസികൾക്ക് പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒരു ഇന്ത്യക്കാരനും രണ്ട് ഘാന പൗരൻമാർക്കും ഒരു ബംഗ്ലാദേശ് പൗരനുമാണ് പരിക്കേറ്റതെന്ന് ദുബൈ മീഡിയ ഓഫിസ് റിപോർട്ട് ചെയ്തു. സംഭവം നടന്ന ഉടനെ ധ്രുതകർമ സേന രംഗത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും സർവിസുകളേയും ആക്രമണങ്ങൾ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ചെറിയ തടസ്സം നേരിട്ടിരുന്നുവെങ്കിലും മാർച്ച് ഏഴു മുതൽ ദുബൈ, ആൽ മക്തൂം വിമാനത്താവളങ്ങളിൽ പ്രവർത്തനം ഭാഗികമായി തുടരുകയാണ്. അതേസമയം, ഉച്ചയോടെ ദുബൈയിൽ കേട്ട ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതുമായി ബന്ധപ്പെട്ടുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി.
പ്രതിരോധിച്ച് ഖത്തർ
ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ തുടർച്ചയായ ആക്രമണശ്രമം. ബുധനാഴ്ച മൂന്നു തവണകളായാണ് ഇറാൻ ആക്രമണം നടത്തിയത്. രാവിലെ 8.15ഓടെയാണ് ആദ്യ മിസൈൽ ആക്രമണമുണ്ടായത്. തുടർന്ന് ഉച്ചക്ക് 12.40 ഓടെയും ഉച്ചക്കുശേഷം മുന്നോടെയും ആക്രമണമുണ്ടായി. തലസ്ഥാനമായ ദോഹയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടു. എല്ലാ മിസൈൽ ആക്രമണങ്ങളെയും സായുധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, മേഖലയിലെ സൈനിക സംഘർഷങ്ങൾ തുടരുന്നതിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി ഫോണിൽ ആശയവിനിമയം നടത്തി. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഗോളതലത്തിൽ ഇടപെടൽ വേണമെന്ന് വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി ആവശ്യപ്പെട്ടു.
കുവൈത്ത് എട്ട് ഡ്രോണുകൾ വെടിവെച്ചിട്ടു
കുവൈത്തിനെ ലക്ഷ്യമിട്ട എട്ട് ഡ്രോണുകൾ ബുധനാഴ്ച വെടിവെച്ചിട്ടതായി കുവൈത്ത് നാഷണൽ ഗാർഡ് (കെ.എൻ.ജി) വക്താവ് ബ്രിഗേഡിയർ ജാദാൻ ഫാദേൽ ജാദാൻ അറിയിച്ചു. ബാഹ്യ ഭീഷണികളിൽ നിന്ന് രാജ്യത്തെയും സുപ്രധാന സ്ഥലങ്ങളും സംരക്ഷിക്കുന്നത് സായുധ സേന തുടരുകയാണെന്നും ബ്രിഗേഡിയർ പറഞ്ഞു. ആക്രമണത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

