ഇറാൻ ആണവായുധം നിർമിച്ചാൽ സൗദിയും മടിക്കില്ല -അമീർ മുഹമ്മദ്
text_fieldsജിദ്ദ: ഇറാൻ ആണവായുധം നിർമിക്കുകയാണെങ്കിൽ സൗദി അറേബ്യയും മടിച്ചുനിൽക്കില്ലെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. അമേരിക്കൻ ടെലിവിഷൻ ചാനലായ സി.ബി.എസിന് നൽകിയ അഭിമുഖത്തിലാണ് അമീർ മുഹമ്മദ് നയം വ്യക്തമാക്കിയത്. ആണവായുധം നിർമിക്കാൻ സൗദിക്ക് ഒരുതാൽപര്യവുമില്ല. പക്ഷേ, ഇറാൻ ആണവായുധം വികസിപ്പിച്ചാൽ ഒട്ടും വൈകാതെ തന്നെ സൗദിയും ആ മാർഗം പിന്തുടരും. അതിൽ ഒരു സംശയവുമില്ല. -പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തക നോറ ഒ’ ഡനീലുമായുള്ള അഭിമുഖത്തിൽ അമീർ മുഹമ്മദ് സൂചിപ്പിച്ചു.
ഞായറാഴ്ച സംപ്രേഷണം ചെയ്യാനിരിക്കുന്ന ‘60 മിനുട്ട്സ്’ എന്ന അഭിമുഖ പരിപാടിയുടെ ചെറുഭാഗം ഇന്നലെയാണ് സി.ബി.എസ് പുറത്തുവിട്ടത്. അഭിമുഖത്തിൽ അമീർ മുഹമ്മദ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഹിറ്റ്ലറുമായി താരതമ്യപ്പെടുത്തുന്നുമുണ്ട്. അതുസംബന്ധിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ: ‘അവർക്ക് വികസിക്കണം. അവർക്ക് മധ്യപൂർവേഷ്യയിൽ അവരുടേതായ പദ്ധതികളുണ്ട്. ഹിറ്റ്ലറിനും സമാനമായ പദ്ധതികളാണ് ഉണ്ടായിരുന്നത്. ഹിറ്റ്ലർ എത്രമാത്രം അപകടകാരിയാണെന്ന് സംഭവിച്ചത് സംഭവിക്കുന്നതുവരെ ലോകത്തും യൂറോപ്പിലുമുള്ള മിക്ക രാജ്യങ്ങൾക്കും മനസിലായിരുന്നില്ല. ഇതേ അനുഭവം ഗൾഫിൽ ആവർത്തിക്കുന്നത് അനുവദിക്കാനാകില്ല’. അഭിമുഖത്തിെൻറ ചെറിയഭാഗം പുറത്തുവന്നതോടെ പൂർണരൂപത്തിനായി ആകാംക്ഷ വർധിച്ചിരിക്കുകയാണ്.
ഇതാദ്യമായാണ് ഒരു അമേരിക്കൻ ചാനലിന് അമീർ മുഹമ്മദ് അഭിമുഖം നൽകുന്നത്. അഭിമുഖം ചിത്രീകരിച്ചിട്ടുണ്ടെന്ന് സി.ബി.എസ് ചാനൽ കഴിഞ്ഞയാഴ്ച അറിയിച്ചപ്പോൾ തന്നെ വലിയ പ്രതികരണമായിരുന്നു ലോക മാധ്യമ രംഗത്തുണ്ടായത്. ‘സി.ബി.എസ് ദി മോണിങ്’ എന്ന പരിപാടിയുെട സഹഅവതാരകയും ‘60 മിനുട്ട്സി’െൻറ കോൺട്രിബ്യൂട്ടിങ് കറസ്പോണ്ടൻറുമാണ് അഭിമുഖം നടത്തിയ നോറ ഒ’ ഡനീൽ. അമീർ മുഹമ്മദിനെ കാണുന്നതിന് മുന്നോടിയായി ഒരാഴ്ചയിലേറെ അവർ സൗദിയിൽ ചെലവഴിച്ചിരുന്നു. അഭിമുഖത്തിൽ അമേരിക്കയുമായുള്ള ബന്ധം, യമനിലെ സൈനിക നടപടി, ഇറാൻ പ്രശ്നം എന്നീ വിഷയങ്ങളിൽ സംസാരിക്കുന്ന അമീർ മുഹമ്മദ്, കഴിഞ്ഞ നവംബറിൽ നടന്ന അഴിമതി വിരുദ്ധ നീക്കത്തെ കുറിച്ചും വിശദമാക്കുന്നുണ്ടെന്നാണ് സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
