മക്കയിലും ത്വാഇഫിലും ശക്തമായ മഴ
text_fieldsമക്ക: ത്വാഇഫ്, മക്ക എന്നിവിടങ്ങളിൽ ചൊവ്വാഴ്ച ശക്തമായ മഴ ലഭിച്ചു. ഉച്ചക്കുശേഷം മക്കയിലെ മസ്ജിദുൽ ഹറാം ഉൾക്കൊള്ളുന്ന മേഖലയിലുൾപ്പെടെ ശക്തമായ ഇടിമിന്നലോടു കൂടിയായിരുന്നു മഴ. ആലിപ്പഴ വർഷവും ഉണ്ടായി. അപ്രതീക്ഷിതമായി പെയ്ത മഴയിൽ ഉംറ തീർഥാടകർ അൽപം ബുദ്ധിമുട്ടിയെങ്കിലും ചൂടിൽനിന്ന് ആശ്വാസമായി.
പ്രദേശത്തെ മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങി. ചില പ്രദേശങ്ങളിൽ ശക്തമായ ഒഴുക്കിൽപെട്ട് വാഹനങ്ങൾ കുടുങ്ങി. ഗതാഗതം തടസ്സപ്പെട്ടു. ത്വാഇഫിലും പരിസര പ്രദേശങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിച്ചു. നിരവധി കടകളിൽ വെള്ളം കയറി. വരുംദിവസങ്ങളിലും സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ കരുതിയിരിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.