ഹജ്ജ് സീസൺ; മക്ക എൻട്രി പെർമിറ്റുകൾ ഇനി ഡിജിറ്റലായി ലഭിക്കും
text_fieldsജിദ്ദ: ഹജ്ജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള പെർമിറ്റ് നടപടികൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയതായി സൗദി പാസ്‌പോർട്ട് ഡയറക്ടറേറ്റ് (ജവാസത്) അറിയിച്ചു. പുതിയ പരിഷ്കാരം നടപ്പാക്കിയതോടെ പെർമിറ്റുകൾക്കായി അപേക്ഷകർ ഇനി പാസ്‌പോർട്ട് ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ട ആവശ്യമില്ല. അബ്ഷിർ പ്ലാറ്റ്‌ഫോമിലെ ‘തസ്‍രീഹ്’ വിഭാഗത്തെയും മുഖീം പോർട്ടലിലെ ‘മക്ക എൻട്രി പെർമിറ്റ്’ പോർട്ടലിനെയും സാങ്കേതികമായി ഏകോപിപ്പിച്ചാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർ, പ്രീമിയം റെസിഡൻസി കൈവശമുള്ളവർ, നിക്ഷേപകർ, സൗദി പൗരന്മാരുടെ വിദേശികളായ മാതാക്കൾ, സൗദി ഇതര കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ എന്നിവർക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ച് ‘അബ്ഷിർ അഫ്റാദ്’ വഴി പെർമിറ്റുകൾ സ്വന്തമാക്കാം.
അതേസമയം, ഹജ്ജ് സീസണിൽ മക്കയിലുള്ള വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും അത്തരം സ്ഥാപനങ്ങളുമായി തൊഴിൽ കരാറുള്ളവർക്കും ‘മുഖീം’ പ്ലാറ്റ്‌ഫോമിലെ മക്ക എൻട്രി പെർമിറ്റ് പോർട്ടൽ വഴിയാണ് അപേക്ഷിക്കാൻ സാധിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനും പ്രവേശന നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുമാണ് ഈ ഡിജിറ്റൽ പരിഷ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

