ഹജ്ജ് ആരോഗ്യ മാർഗനിർദേശിക എട്ട് ഭാഷകളിൽ പുറത്തിറക്കി
text_fieldsമക്ക: ഹജ്ജ് തീർഥാടനത്തിനെത്തുന്ന വിശ്വാസികൾക്കിടയിൽ ആരോഗ്യ അവബോധം വളർത്തുന്നതിനും പ്രതിരോധ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരോഗ്യ മന്ത്രാലയവും പൊതുജനാരോഗ്യ അതോറിറ്റിയും (വിഖായ) ചേർന്ന് വിപുലമായ ആരോഗ്യ ഗൈഡ് പുറത്തിറക്കി. ‘ആരോഗ്യകരമായി ഹജ്ജ് നിർവഹിക്കുക’ എന്ന ശീർഷകത്തിൽ തയ്യാറാക്കിയ ഈ മാർഗനിർദേശിക ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർക്കായി എട്ട് ഭാഷകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഹജ്ജിന് മുൻപുള്ള ആരോഗ്യ ആവശ്യകതകൾ മുതൽ തീർഥാടനത്തിെൻറ ഓരോ ഘട്ടത്തിലും പാലിക്കേണ്ട പ്രതിരോധ നടപടികൾ വരെ ഈ ഗൈഡിൽ വിശദമായി പ്രതിപാദിക്കുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് കൃത്യമായ ആരോഗ്യ സന്ദേശങ്ങൾ കൈമാറുന്നതിനായി അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, പേർഷ്യൻ, ഇന്തോനേഷ്യൻ, തുർക്കിഷ്, മലായ് എന്നീ ഭാഷകളിലാണ് ബോധവത്കരണ സാമഗ്രികൾ ഒരുക്കിയിരിക്കുന്നത്. ഹജ്ജ് സീസണിലെ കടുത്ത ചൂട് മൂലമുണ്ടാകുന്ന ക്ഷീണം, സൂര്യാഘാതം എന്നിവ തടയുന്നതിനുള്ള മുൻകരുതലുകൾക്ക് പുറമെ ശ്വസന അണുബാധകൾ കുറക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും ഗൈഡിലുണ്ട്.
കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷ രീതികളെക്കുറിച്ചും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ എത്തുന്നതിന് മുമ്പ് സ്വീകരിക്കേണ്ട ദ്രുതപ്രതികരണ നടപടികളെക്കുറിച്ചും ഇതിൽ വ്യക്തമാക്കുന്നു.
മുൻഗണന വിഭാഗങ്ങളിൽപെടുന്ന തീർഥാടകർക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട്, അവരുടെ ആരോഗ്യം കൃത്യമായി കൈകാര്യം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളും ഗൈഡ് മുന്നോട്ടുവെക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യവിഷബാധ തടയുന്നതിനുമുള്ള കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരാധനകൾ നിർവഹിക്കുന്നതിനിടയിൽ ഉണ്ടാകാവുന്ന ആരോഗ്യപരമായ സങ്കീർണതകൾ കുറയ്ക്കാനും തീർഥാടകരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കാനും ഈ പുതിയ സംരംഭം സഹായകമാകുമെന്ന് ആരോഗ്യ മന്ത്രാലയവും പൊതുജനാരോഗ്യ അതോറിറ്റിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

