സൗദി മണ്ണിലെ ഗോളുത്സവം; എൽ ക്ലാസിക്കോ ആവേശത്തിൽ കായികലോകം ജിദ്ദയിൽ ബാഴ്സയുടെ വിജയത്തേരോട്ടം
text_fieldsസ്പാനിഷ് സൂപ്പർ കപ്പ് 2026 നേടിയ ബാഴ്സലോണ ടീമിന്റെയും ഒഫീഷ്യൽസിന്റെയും ആഹ്ലാദം
ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പ് പോരാട്ടങ്ങൾ സൗദി അറേബ്യയുടെ മണ്ണിലേക്ക് ചേക്കേറിയതോടെ, ആഗോള ഫുട്ബാൾ കലണ്ടറിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങൾക്കായി കായിക ലോകം ഉറ്റുനോക്കുന്ന പ്രധാന വേദിയായി രാജ്യം മാറിയിരിക്കുന്നു. ലോക ഫുട്ബാളിലെ ചിരവൈരികളായ റയൽ മഡ്രിഡും ബാഴ്സലോണയും നേർക്കുനേർ വരുന്ന ‘എൽ ക്ലാസിക്കോ’ മത്സരങ്ങൾ സൗദിയിലെ ഫുട്ബാൾ പ്രേമികൾക്ക് സമ്മാനിക്കുന്നത് മറക്കാനാവാത്ത ആവേശ നിമിഷങ്ങളാണ്.
ഞായറാഴ്ച നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനൽ മത്സരത്തിനിടെ,
റയൽ മഡ്രിഡിന്റെ കെലിയൻ എംബാപ്പെയുമായി ബാഴ്സലോണയുടെ ലാമിൻ യമാൽ പന്തിനായി പോരാടുന്നു
2020 മുതൽ 2026 വരെയുള്ള ആറ് എഡിഷനുകളിൽ നാല് തവണയാണ് ഈ വമ്പന്മാർ ഫൈനലിൽ ഏറ്റുമുട്ടിയത് എന്നത് ഈ പോരാട്ടത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. സൗദിയിലെ എൽ ക്ലാസിക്കോ ചരിത്രത്തിൽ ഇരു ടീമുകളും മാറിമാറിയാണ് ആധിപത്യം പുലർത്തിയത്. 2023ൽ റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ റയൽ മഡ്രിഡിനെ 3-1ന് തകർത്ത് ബാഴ്സലോണ കിരീടമുയർത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം 2024-ൽ റയൽ മാഡ്രിഡ് ഇതിന് മധുരപ്രതികാരം വീട്ടി. വിനീഷ്യസ് ജൂനിയറിന്റെ തകർപ്പൻ ഹാട്രിക്കിന്റെ കരുത്തിൽ 4-1 എന്ന വലിയ മാർജിനിലാണ് അന്ന് റയൽ ബാഴ്സയെ നിഷ്പ്രഭമാക്കിയത്. തുടർന്നുള്ള വർഷങ്ങളിലും ഗോളുകളുടെ പെരുമഴക്കാണ് ഗാലറികൾ സാക്ഷ്യം വഹിച്ചത്.
2025ൽ ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നടന്ന പോരാട്ടത്തിൽ 5-2 എന്ന വമ്പൻ സ്കോറിന് റയലിനെ മുട്ടുകുത്തിച്ച് ബാഴ്സലോണ തങ്ങളുടെ കരുത്ത് തെളിയിച്ചു. ചരിത്രപരമായ ഈ വിജയത്തിന് പിന്നാലെ, ഏറ്റവുമൊടുവിൽ ഞായറാഴ്ച ജിദ്ദയിൽ നടന്ന സൂപ്പർ എൽ ക്ലാസിക്കോ ഫൈനലിലും ബാഴ്സലോണ തങ്ങളുടെ വിജയത്തേരോട്ടം തുടർന്നു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 3-2 എന്ന സ്കോറിന് റയലിനെ വീഴ്ത്തി ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് കിരീടം നിലനിർത്തി.
ഗോളുകളുടെ എണ്ണത്തിലും താരങ്ങളുടെ വ്യക്തിഗത പ്രകടനത്തിലും ഈ മത്സരങ്ങൾ ഫുട്ബാൾ ചരിത്രത്തിൽ പുതിയ അധ്യായങ്ങളാണ് എഴുതിച്ചേർക്കുന്നത്. ഇരട്ട ഗോളുകൾ നേടിയ റാഫിഞ്ഞയുടെ മാന്ത്രിക നീക്കങ്ങളും റോബർട്ട് ലെവൻഡോവ്സ്കിയുടെ പോരാട്ടവീര്യവും ഈ ഫൈനലിലും ബാഴ്സയ്ക്ക് തുണയായി. വിനീഷ്യസ് ജൂനിയറും എംബാപ്പെയുമടങ്ങുന്ന റയൽ നിര പൊരുതിയെങ്കിലും ബാഴ്സയുടെ യുവരക്തത്തിനു മുന്നിൽ അവർക്ക് കിരീടം അടിയറവ് വെക്കേണ്ടി വന്നു.
സൗദി അറേബ്യയെ ലോക ഫുട്ബാളിന്റെ വിനോദ കേന്ദ്രമാക്കി മാറ്റുന്നതിൽ ഇത്തരം ക്ലാസിക് പോരാട്ടങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. വരും വർഷങ്ങളിലും ഈ കായിക മാമാങ്കം സൗദിയിൽ തുടരുമ്പോൾ കൂടുതൽ ആവേശകരമായ എൽ ക്ലാസിക്കോ നിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

