ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം - ജി.സി.സി മന്ത്രിതലയോഗം
text_fieldsറിയാദ്: ഹൂതി സംഘടനയെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും സുരക്ഷ, സമാധാനം, വികസനം, സമൃദ്ധി എന്നിവക്ക് ഭീഷണി ഉയർത്തുന്ന തീവ്രവാദ ഗ്രൂപ്പുകളോട് അന്താരാഷ്ട്ര സമൂഹം പെരുമാറുന്നതുപോലെ അവരോടും പെരുമാറണമെന്നും ജി.സി.സി മന്ത്രിതലയോഗംആവശ്യപ്പെട്ടു. മിസൈലുകളും ഡ്രോണുകളും കൈവശപ്പെടുത്താൻ ഹൂതികളെ സഹായിക്കുന്ന എല്ലാവിധ പിന്തുണകളും അവസാനിപ്പിക്കണമെന്നും മനാമയിൽ നടന്ന ൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) മന്ത്രിതല യോഗത്തിന്റെ അന്തിമ പ്രസ്താവനയിൽ വ്യക്തമാക്കി.
കൗൺസിലിലെ എല്ലാ രാജ്യങ്ങളും സൗദിക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സൗദിക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സൗദിയുടെ പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും താല്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിനുമായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കൗൺസിൽ പിന്തുണ അറിയിച്ചു. ജി.സി.സി രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും ഒരു അംഗരാജ്യത്തിന് നേരെ ഉണ്ടാകുന്ന ഏത് ആക്രമണവും കൗൺസിലിലെ എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും യോഗം ഊന്നിപ്പറഞ്ഞു. മേഖലയിലെ ഗുരുതരമായ സംഭവവികാസങ്ങൾ മന്ത്രിതല യോഗം ചർച്ച ചെയ്യുകയും സൗദിക്ക് നേരെ ഹൂതി ഭീകര സംഘടന നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിക്കുകയും ചെയ്തു. ഇരുഹറമുകളെയും അവക്ക് ചുറ്റുമുള്ള പ്രദേശങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ, സിവിലിയൻ വിമാനത്താവളങ്ങൾ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്ക് നേരെയുള്ള ആക്രമണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ലംഘനമായ ഈ ആക്രമണങ്ങൾ സിവിലിയൻമാരുടെ മരണത്തിനും പരിക്കുകൾക്കും കാരണമായിട്ടുണ്ട്.
ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കൗൺസിൽ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ കരാർ ആർട്ടിക്കൾ 51 പ്രകാരം വ്യക്തിഗതമായും കൂട്ടായും സ്വയം പ്രതിരോധിക്കാനുള്ള തങ്ങളുടെ മൗലികാവകാശം കൗൺസിൽ രാജ്യങ്ങൾ നിലനിർത്തുമെന്നും പൗരന്മാരുടെയും നിവാസികളുടെയും സംരക്ഷണത്തിനും പരമാധികാരവും സുരക്ഷയും സ്ഥിരതയും താല്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും യോഗം ഊന്നിപ്പറഞ്ഞു. ചെങ്കടലിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രമേയം ഉൾപ്പെടെ യമനെയും ഹൂതി കലാപത്തെയും സംബന്ധിച്ച് യു.എൻ. രക്ഷാസമിതി പുറപ്പെടുവിച്ച പ്രമേഹങ്ങൾ നടപ്പിലാക്കാനും മന്ത്രിതല യോഗം ആഹ്വാനം ചെയ്തു.
ഹൂതി തീവ്രവാദ സംഘടനക്ക് മേലുള്ള ആയുധ വിലക്ക് ഈ പ്രമേയങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഐക്യ രാഷ്ട്ര സഭയോടും അന്താരാഷ്ട്ര സമൂഹത്തോടും യോഗം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിലെ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും രക്ഷാസമിതിയുടെ പ്രമേഹങ്ങൾ നടപ്പിലാക്കുന്നതിനും പ്രത്യേകിച്ചും സ്ഥിരാംഗങ്ങളായ രാജ്യങ്ങളോടും യു.എൻ രക്ഷാസമിതിയോടും കൗൺസിൽ ആഹ്വാനം ചെയ്തു.
സമുദ്ര, വ്യോമ നാവിഗേഷൻ സ്വാതന്ത്ര്യത്തെ തിരഞ്ഞെടുപ്പുകൾക്ക് അതീതമായ ഒരു അന്താരാഷ്ട്ര പൊതു താൽപ്പര്യമായി കണ്ട് കൈകാര്യം ചെയ്യണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. 2026 ഒക്ടോബർ 15-ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി സമവായത്തിലൂടെ അംഗീകരിച്ച പ്രസിഡൻഷ്യൽ പ്രസ്താവനയെ കൗൺസിൽ സ്വാഗതം ചെയ്തു.
ജി.സി.സി രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ മന്ത്രിതല കൗൺസിൽ അപലപിച്ചു. ഈ ആക്രമണങ്ങൾക്കും അവയുടെ പ്രത്യാഘാതങ്ങൾക്കും ഇറാനാണ് പൂർണ ഉത്തരവാദിയെന്ന് കൗൺസിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

