മലയാളി ഹാജിമാർക്ക് മക്കയിൽ ഉജ്വല സ്വീകരണം; ആദ്യസംഘം കോഴിക്കോട്ടുനിന്ന് ജിദ്ദയിലെത്തി
text_fieldsകേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കോഴിക്കോട് നിന്ന് ജിദ്ദ വിമാനത്താവളത്തിലെത്തിയ ആദ്യ സംഘത്തിലെ തീർഥാടകരെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
മക്ക: ഈ വർഷത്തെ ഹജ്ജിന് കേരളത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ സംഘം തീർഥാടകർ മക്കയിലെത്തി. ശനിയാഴ്ച പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ് 3011) വിമാനത്തിൽ 4.20ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിൽ ഇറങ്ങിയ 172 തീർഥാടകരടങ്ങിയ സംഘത്തെ സ്വീകരിക്കാൻ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും കെ.എം.സി.സി, ഐ.സി.എഫ് വിഖായ വളൻറിയർമാരും എത്തിയിരുന്നു. തീർഥാടകർക്ക് വളൻറിയർമാർ ചായയും ഈത്തപ്പഴവും നൽകി വരവേറ്റു.
ഹജ്ജ് സർവിസ് കമ്പനികൾ ഒരുക്കിയ ബസുകളിൽ തീർഥാടകർ രാവിലെ 7.30 ഓടെ മക്കയിലെത്തി. അസീസിയയിലെ ഇന്ത്യൻ ഹജ്ജ് മിഷെൻറ താമസകേന്ദ്രത്തിലെത്തിയ സംഘത്തെ നൂറുകണക്കിന് കെ.എം.സി.സി, ഐ.സി.എഫ് വിഖായ, ഒ.ഐ.സി.സി വളൻറിയർമാർ സമ്മാനങ്ങളും ലഘുഭക്ഷണവും നൽകി സ്വീകരിച്ചു. ഹജ്ജ് സർവിസ് കമ്പനി ഇവർക്ക് ‘നുസ്ക്’ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.
ആദ്യ സംഘത്തിന് ബിൽഡിങ് നമ്പർ 92ലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. സംഘത്തിൽ 77 പുരുഷന്മാരും 95 സ്ത്രീകളുമാണുള്ളത്. താമസകേന്ദ്രത്തിലെത്തി വൈകാതെ ഇവർ ഉംറ നിർവഹിക്കാൻ മസ്ജിദുൽ ഹറാമിലേക്ക് പുറപ്പെട്ടു. തീർഥാടകരുടെ ബാഗേജുകളെല്ലാം വിമാനത്താവളത്തിൽനിന്ന് ശേഖരിച്ച് സർവിസ് കമ്പനിയാണ് താമസകേന്ദ്രത്തിൽ എത്തിച്ചുനൽകുന്നത്.
ഇന്ത്യയിൽനിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകർ ഇതുവരെ മദീന വഴിയാണ് വന്നുകൊണ്ടിരുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇങ്ങനെ വരുന്നത്. കേരളത്തിൽനിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കീഴിലുള്ള മലയാളി തീർഥാടകർ ഏതാനും ദിവസം മുമ്പ് ജിദ്ദ വഴിയെത്തിയിരുന്നു. എന്നാൽ, സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർഥാടകരുമായി ആദ്യ വിമാനമാണ് ശനിയാഴ്ച ജിദ്ദയിൽ എത്തിയത്. ഇനി ജിദ്ദ വഴി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരും എത്തും.
കേരളത്തിൽനിന്നുള്ള രണ്ടാമത്തെ സംഘവുമായി ശനിയാഴ്ച രാത്രി എട്ടിന് എയർ ഇന്ത്യ എക്സ്പ്രസിെൻറ ഐ.എക്സ് 3031 വിമാനമെത്തും. ആദ്യ വിമാനം കോഴിക്കോട്ടുനിന്ന് ശനിയാഴ്ച പുലർച്ചെ 1.10നാണ് പുറപ്പെട്ടത്. രണ്ടാമത്തെ വിമാനം വൈകീട്ട് 4.30-നാണ് കോഴിക്കോട് നിന്ന് പുറപ്പെടുന്നത്. ഇതിൽ 87 പുരുഷന്മാരും 86 സ്ത്രീകളുമുൾപ്പടെ 173 തീർഥാടകരാണ് എത്തുന്നത്. തിങ്കളാഴ്ച മുതൽ കണ്ണൂരിൽനിന്നും ഈ മാസം 16 മുതൽ കൊച്ചിയിൽനിന്നും തീർഥാടകർ എത്തിത്തുടങ്ങും. കോഴിക്കോടുനിന്നും ഞായറാഴ്ച മൂന്ന് വിമാനങ്ങള്‍ തീർഥാടകരുമായെത്തും. പുലര്‍ച്ചെ 1.05 നും രാവിലെ 8.05 നും വൈകീട്ട് 4.30 നുമാണ് വിമാനങ്ങള്‍ പുറപ്പെടുക.
മദീന സന്ദർശനം പൂർത്തിയാക്കിയ ഇന്ത്യൻ ഹാജിമാർ എട്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തുന്നുണ്ട്. ജിദ്ദ വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ വരവ് ശനിയാഴ്ച മുതലാണ് ആരംഭിക്കുന്നത്. ജിദ്ദ വഴിയെത്തുന്ന മുഴുവൻ ഹാജിമാരും ഹജ്ജ് കഴിഞ്ഞ് മദീന സന്ദർശനം പൂർത്തിയാക്കും. മദീന വഴിയായിരിക്കും ഇവരുടെ നാട്ടിലേക്കുള്ള മടക്കം. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെടുന്ന ആദ്യ സംഘത്തെ കരിപ്പൂരിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിെൻറ നേതൃത്വത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻ കുട്ടി, അഷ്കർ കോറാട്, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, ക്യാമ്പ് വളൻറിയർമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

