സൗദി അറേബ്യയിൽ ആദ്യത്തെ സമഗ്ര സമുദ്ര പരിശീലന പരിപാടിക്ക് തുടക്കമായി
text_fieldsറിയാദ്: സൗദി അറേബ്യയിലെ സമുദ്രമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് രാജ്യത്തെ ആദ്യത്തെ സമഗ്ര അടിസ്ഥാന സമുദ്ര പരിശീലന പരിപാടിക്ക് റിയാദിൽ തുടക്കമായി.
പൊതുഗതാഗത അതോറിറ്റിയുടെ (ടി.ജി.എ) നേരിട്ടുള്ള പിന്തുണയോടെ ജനറൽ ടെക്നിക്കൽ ആൻഡ് സേഫ്റ്റി ട്രെയിനിങ് സെന്ററാണ് ഈ സുപ്രധാന സംരംഭത്തിന് നേതൃത്വം നൽകുന്നത്. ദേശീയ പ്രതിഭകളെ വാർത്തെടുക്കുന്നതിനും സമുദ്ര സുരക്ഷാ മാനദണ്ഡങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
സമുദ്രമേഖലയിലെ അത്യാവശ്യമായ അറിവുകളും പ്രായോഗിക നൈപുണ്യങ്ങളും സ്വദേശി യുവാക്കൾക്ക് പകർന്നുനൽകി അവരെ തൊഴിൽസജ്ജരാക്കുക എന്നതാണ് ഈ പ്രോഗ്രാമിെൻറ പ്രധാന ലക്ഷ്യം. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മികച്ച പരിശീലന രീതികളാണ് ഇതിനായി പിന്തുടരുന്നത്. സുരക്ഷാ അവബോധം, കടലിലെ വ്യക്തിഗത അതിജീവന വിദ്യകൾ, അടിസ്ഥാന പ്രഥമശുശ്രൂഷ, വ്യക്തിഗത സുരക്ഷ, സാമൂഹിക ഉത്തരവാദിത്തം, അഗ്നി പ്രതിരോധവും നിയന്ത്രണവും തുടങ്ങിയ വിപുലമായ വിഷയങ്ങൾ ഈ പരിശീലന കോഴ്സുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കാനുള്ള ദേശീയ ഉദ്യോഗസ്ഥരുടെ സന്നദ്ധത വർദ്ധിപ്പിക്കുന്നതിനും സമുദ്ര പ്രവർത്തനങ്ങളുടെ സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിനും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സുരക്ഷാ മാനദണ്ഡങ്ങളും മുൻനിർത്തി തയ്യാറാക്കിയ ഈ പരിശീലന പരിപാടി, വരും നാളുകളിൽ കപ്പൽയാത്ര മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മേഖലയിൽ വലിയ പുരോഗതി കൈവരിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

