10 വർഷത്തെ ദുരിതത്തിന് അന്ത്യം; കേളിയുടെ കൈത്താങ്ങിൽ ജമീല ബീഗം നാടണഞ്ഞു
text_fieldsജമീലാ ബീഗം നാസർ പൊന്നാനിക്കൊപ്പം റിയാദ് എയർപോർട്ടിൽ
റിയാദ്: പ്രവാസലോകത്തെ 10 വർഷം നീണ്ട അനിശ്ചിതത്വങ്ങൾക്കും കണ്ണീരിനും വിരാമം. ഇന്ത്യൻ എംബസിയുടെയും കേളി കലാസാംസ്കാരിക വേദിയുടെയും ഇടപെടലിലൂടെ ആലപ്പുഴ കായംകുളം സ്വദേശിനി ജമീല ബീഗം ഒടുവിൽ നാട്ടിലേക്ക് മടങ്ങി.
2016-ലാണ് അസുഖബാധിതനായ ഭർത്താവിന്‍റെ ചികിത്സയ്ക്കും മകളുടെ പഠനത്തിനുമായി ജമീല റിയാദിന് സമീപം അൽഖർജിൽ ഗാർഹിക തൊഴിലാളിയായി എത്തിയത്. ആദ്യ ആറുമാസം കാര്യങ്ങൾ ഭംഗിയായി നടന്നുവെങ്കിലും പിന്നീട് ശമ്പളം മുടങ്ങി. ഇതോടെ ഉപജീവനത്തിനായി മറ്റൊരു ജോലി കണ്ടെത്താൻ അവർ നിർബന്ധിതയായി.
അഞ്ചുമാസത്തെ ശമ്പളം കുടിശ്ശികയായി നിൽക്കെയാണ് അവർ മാറിയതെങ്കിലും രേഖകളിൽ ആദ്യ സ്പോൺസറുടെ കീഴിലായിരുന്നു ജമീല. പുതിയ ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ട് ഭർത്താവിെൻറ ഡയാലിസിസ് ചികിത്സയും മകളുടെ പഠനവും മുടങ്ങാതെ കൊണ്ടുപോകാൻ അവർക്ക് സാധിച്ചു.
മൂന്ന് വർഷത്തിന് ശേഷം ഭർത്താവിെൻറ ആകസ്മിക മരണത്തോടെ നാട്ടിലേക്ക് മടങ്ങാൻ ജമീല ശ്രമം തുടങ്ങി. എന്നാൽ സ്പോൺസറെ അന്വേഷിച്ചെത്തിയപ്പോഴാണ് അദ്ദേഹം മരിച്ച വിവരം അറിയുന്നത്. തുടർന്ന് എംബസി വഴി നടത്തിയ അന്വേഷണത്തിലാണ് നിയമകുരുക്കിലാണെന്ന് മനസിലാക്കുന്നതും.
സ്പോൺസർ മരിക്കുന്നതിന് മുമ്പേ എക്സിറ്റ് വിസ അടിച്ചിരുന്നുവെങ്കിലും അതിെൻറ കാലാവധി കഴിഞ്ഞിരുന്നു. വിസ കാലാവധി കഴിഞ്ഞതോടെ ജമീല നിയമപരമായി ‘ഹുറൂബ്’ (ഒളിച്ചോടിയവർ) എന്ന നിയമപ്രശ്നത്തിലുമായി. ഇതിനിടെ നാട്ടിൽ മകളുടെ വിവാഹം നടന്നതും കഴിഞ്ഞ വർഷം മാതാവ് മരovvതും ജമീലയെ മാനസികമായി തളർത്തി. മാതാവിെൻറ വേർപാടോടെ നാട്ടിലേക്ക് മടങ്ങുക എന്നത് ജമീലയുടെ ഏക ലക്ഷ്യമായി മാറി.
മടങ്ങാനുള്ള വഴികൾ അടഞ്ഞപ്പോഴാണ് ജമീല കേളി ജീവകാരുണ്യ കമ്മിറ്റിയെ സമീപിച്ചത്. ഭാരവാഹി നാസർ പൊന്നാനി ഈ വിഷയം ഏറ്റെടുക്കുകയും ഇന്ത്യൻ എംബസിയിൽ നിരന്തരമായി ഇടപെടുകയും ചെയ്തു. കേളിയുടെയും എംബസിയുടെയും കഠിനശ്രമത്തിനൊടുവിൽ, നിയമപരമായി അടയ്ക്കേണ്ടിയിരുന്ന വലിയ തുകയുടെ പിഴ ഒഴിവാക്കി എക്സിറ്റ് വിസ ലഭ്യമാക്കി.
കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ ജമീല ബീഗം നാട്ടിലേക്ക് തിരിച്ചു. 10 വർഷത്തെ കഷ്ടപ്പാടുകൾക്ക് വിരാമമിട്ട് പ്രിയപ്പെട്ടവരിലേക്ക് മടങ്ങുമ്പോഴും, സഹായഹസ്തം നീട്ടിയ കേളി പ്രവർത്തകർക്കും എംബസിക്കും നന്ദി പറയുകയാണ് ഈ ഹതഭാഗ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

