ഇബോള, ഹാന്ത വൈറസ് ഭീഷണി: ജാഗ്രത ശക്തമാക്കി സൗദി,തീർത്ഥാടകരുടെ ആരോഗ്യകാര്യങ്ങളിൽ സൂക്ഷ്മ നിരീക്ഷണം
text_fieldsറിയാദ്: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ പടരുന്ന ഇബോള വൈറസിനെയും, ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹാന്ത വൈറസിനെയും പ്രതിരോധിക്കാൻ സൗദി അറേബ്യ പൂർണ സജ്ജമാണെന്ന് പൊതുജനാരോഗ്യ അതോറിറ്റിയായ ‘വിഖായ’ അറിയിച്ചു.
മേയ് 17ന് ലോകാരോഗ്യ സംഘടന കോംഗോയിലെ ഇബോള വ്യാപനത്തെ അന്താരാഷ്ട്ര ആശങ്കയുള്ള ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വിഖായ ഏറ്റവും പുതിയ സ്ഥിതിവിവരങ്ങൾ പങ്കുവെച്ചുകൊണ്ട് ജാഗ്രത നിർദേശം നൽകിയത്. അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾക്കനുസൃതമായി ആഗോള ആരോഗ്യ സംഘടനകളുമായി ചേർന്നുകൊണ്ട് 24 മണിക്കൂറും രാജ്യം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
നിലവിൽ സൗദി അറേബ്യയിൽ ഇബോളയോ ഹാന്ത വൈറസോ ബാധിച്ച ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഹജ്ജിനായി രാജ്യത്തെത്തിയ തീർഥാടകരുടെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്നും അതോറിറ്റി വ്യക്തമാക്കി. ഇബോള വ്യാപനവുമായി ബന്ധപ്പെട്ട് 2019 ജൂലൈ മുതൽ തന്നെ സൗദി അറേബ്യ കർശന മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്.
വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് എൻട്രി വിസകൾ നൽകുന്നത് മുൻപ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. കൃത്യമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ഈ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്.
തീർഥാടകർ, സ്വദേശികൾ, വിദേശികൾ എന്നിവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ രാജ്യത്തെ എപ്പിഡെമോളജിക്കൽ നിരീക്ഷണ സംവിധാനം പൂർണ സജ്ജമാണ്.
ഹജ്ജ് സീസണിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ വ്യോമ, നാവിക, കര അതിർത്തികളിലും ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ വിപുലമാക്കുകയും പ്രത്യേക റെസ്പോൺസ് ടീമുകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
രോഗബാധിത പ്രദേശങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാർക്കായി ആരോഗ്യ അവബോധവും മാർഗനിർദേശങ്ങളും വർധിപ്പിച്ചു. കൂടാതെ, രോഗബാധിത രാജ്യങ്ങളുടെ അയൽരാജ്യങ്ങളിൽ നിന്നും ഹജ്ജിനായി എത്തുന്ന തീർഥാടകരുടെ താമസസ്ഥലങ്ങളിൽ ദിവസേനയുള്ള പകർച്ചവ്യാധി നിരീക്ഷണം അതോറിറ്റി സജീവമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ സംശയാസ്പദമായ കേസുകൾ ഉണ്ടായാൽ അവ ഉടൻ കൈകാര്യം ചെയ്യുന്നതിനായി രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങൾ സജ്ജമാണ്.
ആഗോളതലത്തിലുള്ള ‘ഹാന്ത’ വൈറസിനെ നിലവിൽ കുറഞ്ഞ അപകടസാധ്യതയുള്ള വൈറസായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഇത് സൗദി അറേബ്യക്കോ നിലവിലെ ഹജ്ജ് സീസണോ യാതൊരുവിധ ഭീഷണിയുമുയർത്തുന്നില്ല.
എങ്കിലും മുൻകരുതലിന്റെ ഭാഗമായി അതിനെതിരെയുള്ള നിരീക്ഷണ നടപടികളും അതോറിറ്റി ശക്തമായി തുടരുകയാണ്. ഹജ്ജ് സീസണിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പകർച്ചവ്യാധി നിരീക്ഷണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിച്ചിട്ടുണ്ടെന്നും, ബന്ധപ്പെട്ട ആഭ്യന്തര-വിദേശ സ്ഥാപനങ്ങളുമായി തുടർച്ചയായ ഏകോപനം ഉറപ്പാക്കുന്നുണ്ടെന്നും അറിയിച്ച വിഖായ, പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

