ഇ-ഗേറ്റ് യാത്ര പ്രവാസികൾക്ക് പൊല്ലാപ്പാകുന്നു; സാങ്കേതിക പിഴവിലും ഏകോപനമില്ലായ്മയിലും വലഞ്ഞ് യാത്രക്കാർ
text_fieldsറിയാദ്: ഇമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കുന്നതിനായി കോഴിക്കോട് ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നടപ്പാക്കിയ ഇ-ഗേറ്റ് സംവിധാനം പ്രവാസികൾക്ക് വൻ ദുരിതമാകുന്നു. ഇ-ഗേറ്റ് വഴി യാത്ര ചെയ്യുന്നവരുടെ പാസ്‌പോർട്ടിൽ ഡിപ്പാർച്ചർ, അറൈവൽ സീലുകൾ പതിക്കാത്തതാണ് പിന്നീട് വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്ക് തടസ്സമാകുന്നത്.
ഏറ്റവും ഒടുവിൽ റിയാദിൽ പ്രവാസിയായ മലപ്പുറം തുവ്വൂർ സ്വദേശി ജംഷാദിനാണ് ഇത്തരം അനുഭവമുണ്ടായത്. നാല് വയസ്സുള്ള മകൻ യനിൻ ഹയാഷിെൻറ പാസ്‌പോർട്ട് പുതുക്കുന്നതിനായി മലപ്പുറം പാസ്‌പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയപ്പോൾ, സൗദിയിലുള്ള ജംഷാദിെൻറ ഇഖാമ കോപ്പിയും പാസ്‌പോർട്ട് പകർപ്പും സമർപ്പിച്ചിരുന്നു.
എന്നാൽ, ജംഷാദ് ഇന്ത്യയിൽനിന്ന് തിരിച്ചുപോയെന്ന് തെളിയിക്കുന്ന ഡിപ്പാർച്ചർ സീലുള്ള പാസ്‌പോർട്ട് പേജ് ഹാജരാക്കണമെന്ന് അധികൃതർ കർശനമായി ആവശ്യപ്പെട്ടു. ഇ-ഗേറ്റ് വഴിയാണ് യാത്ര ചെയ്തതെന്നും അതിനാൽ പാസ്‌പോർട്ടിൽ സീലുണ്ടാകില്ലെന്നും അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും പാസ്‌പോർട്ട് പുതുക്കി നൽകാൻ അവർ വിസമ്മതിച്ചു.
തുടർന്ന് ഇമിഗ്രേഷൻ വെബ്‌സൈറ്റ് വഴി യാത്രാവിവരങ്ങൾ ഡൗൺലോഡ് ചെയ്ത് നൽകാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം വിവരങ്ങൾ ലഭ്യമായില്ല. ഒടുവിൽ, ഡൽഹി എയർപോർട്ടിൽനിന്ന് യാത്രാവേളയിൽ സീൽ പതിച്ചുനൽകിയ ബോർഡിങ് പാസ്സ് രേഖയായി സമർപ്പിച്ച ശേഷമാണ് മകെൻറ പാസ്‌പോർട്ട് പുതുക്കി ലഭിച്ചത്.
ഇ-ഗേറ്റ് ഉപയോഗിച്ച് യാത്ര ചെയ്തതിെൻറ ഔദ്യോഗിക രേഖകൾ ഇമിഗ്രേഷൻ വകുപ്പിൽ ലഭ്യമാണെങ്കിലും പാസ്‌പോർട്ട് ഓഫീസുകൾക്ക് ഇത് സിസ്റ്റം വഴി പരിശോധിക്കാൻ സാധിക്കാത്തതാണ് പ്രധാന പ്രതിസന്ധി. മുൻകാലങ്ങളിൽ മക്കളുടെ പാസ്‌പോർട്ട് പുതുക്കുമ്പോൾ രക്ഷിതാക്കൾ രാജ്യത്തിന് പുറത്താണെന്ന് തെളിയിക്കാൻ ഡിപ്പാർച്ചർ സീൽ പതിച്ച പേജ് പ്രത്യേകമായി ആവശ്യപ്പെട്ടിരുന്നില്ല.
സീൽ പതിച്ച പേജ് തന്നെ എല്ലാ ആവശ്യത്തിനും വേണമെങ്കിൽ പിന്നെ എന്തിനാണ് ഇ-ഗേറ്റ് സംവിധാനമെന്നാണ് പ്രവാസികൾ ചോദിക്കുന്നത്. വിദേശരാജ്യങ്ങളിലെല്ലാം അനായാസം ഉപയോഗിക്കുന്ന ഇ-ഗേറ്റ് സ്വന്തം നാട്ടിൽ ഉപയോഗിക്കാൻ പ്രവാസികൾ ഭയപ്പെടുന്ന അവസ്ഥയാണിപ്പോൾ. പാസ്‌പോർട്ട് ആവശ്യങ്ങൾക്കല്ലെങ്കിലും യാത്രാരേഖ ആവശ്യമായി വരുന്ന മറ്റ് ഔദ്യോഗിക കാര്യങ്ങളിലും ഇത്തരം നിയമക്കുരുക്കുകൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് പ്രവാസി സമൂഹം.
പാസ്‌പോർട്ട് ഉടമ നിലവിൽ ഇന്ത്യയ്ക്ക് പുറത്താണോ അതോ രാജ്യത്തിനകത്താണോ എന്ന വിവരം ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾക്ക് ഇമിഗ്രേഷൻ രേഖകളിൽനിന്ന് നേരിട്ട് പരിശോധിക്കാൻ കഴിയേണ്ടതാണ്. അതിന് പകരം പഴയ ഡിപ്പാർച്ചർ സീൽ തന്നെ നിർബന്ധമാക്കുന്നത് ഇ-ഗേറ്റ് സംവിധാനത്തിെൻറ ഉദ്ദേശ്യത്തിന് തന്നെ വിരുദ്ധമാണ്.
ഇ-ഗേറ്റ് സംവിധാനവും പാസ്‌പോർട്ട് സേവനങ്ങളും തമ്മിലുള്ള വിവരക്കൈമാറ്റത്തിൽ ആവശ്യമായ ഏകോപനം ഇല്ലാത്തതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. യാത്രക്കാരെൻറ ഇമിഗ്രേഷൻ വിവരങ്ങൾ ഡിജിറ്റലായി ലഭ്യമാണെങ്കിൽ, അതിെൻറ അടിസ്ഥാനത്തിൽ രാജ്യത്തിന് പുറത്താണെന്ന വിവരം സ്ഥിരീകരിക്കാനുള്ള സംവിധാനം പാസ്‌പോർട്ട് ഓഫീസുകളിലും നിലവിൽ വരണം. അല്ലാത്തപക്ഷം ഈ സംവിധാനം വെറും പ്രഹസനമായി മാറും.
ഇ-ഗേറ്റ് വഴിയുള്ള യാത്രാ നടപടികൾ കൂടുതൽ ലളിതമാക്കുകയും, അതുവഴി യാത്ര ചെയ്തതിെൻറ ഔദ്യോഗിക രേഖകൾ സർക്കാർ സംവിധാനങ്ങൾക്കിടയിൽ എളുപ്പത്തിൽ ലഭ്യമാകുംവിധം ഏകോപിപ്പിക്കുകയും വേണം. പ്രവാസികളെ വലയ്ക്കുന്ന സാങ്കേതിക കുരുക്കുകൾ ഒഴിവാക്കി സംവിധാനം കുറ്റമറ്റരീതിയിൽ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് ഇ-മെയിൽ അയച്ചതായും ജംഷാദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

