വേനൽച്ചൂടിൽ വാഹനങ്ങളിൽ കത്തുന്ന വസ്തുക്കൾ സൂക്ഷിക്കരുത്; കർശന ജാഗ്രത നിർദേശവുമായി സൗദി സിവിൽ ഡിഫൻസ്
text_fieldsയാംബു: വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്കുള്ളിൽ തീപിടിത്തത്തിന് കാരണമാകുന്ന വസ്തുക്കൾ സൂക്ഷിക്കരുതെന്ന് സൗദി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. കടുത്ത ചൂടിൽ വാഹനങ്ങളിൽ തീപിടിത്തമുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ ചാർജറുകൾ, ലൈറ്ററുകൾ, പെർഫ്യൂമുകൾ എന്നിവയാണെന്നും ഇത്തരം വസ്തുക്കൾ അശ്രദ്ധമായി വാഹനത്തിനുള്ളിൽ ഉപേക്ഷിക്കരുതെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. വാഹനത്തിനുള്ളിൽ തീപിടിത്തമുണ്ടാക്കുന്ന വസ്തുക്കൾ സൂക്ഷിക്കുന്നത് ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണ്. അതിനാൽ പോർട്ടബിൾ ചാർജറുകൾ, ഫോൺ ബാറ്ററികൾ, ലൈറ്ററുകൾ, ഗ്യാസ് കാനിസ്റ്ററുകൾ, പെർഫ്യൂമുകൾ, ലിക്വിഡ് ഹാൻഡ് സാനിറ്റൈസറുകൾ തുടങ്ങിയവ വാഹനങ്ങളിൽ നിന്ന് പൂർണമായും ഒഴിവാക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം.
ഉയർന്ന താപനിലയിൽ ദീർഘനേരം ഇരിക്കേണ്ടി വരുന്നത് ഈ വസ്തുക്കൾ പെട്ടെന്ന് തീപിടിക്കുന്നതിനോ പൊട്ടിത്തെറിക്കുന്നതിനോ കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഉയർന്ന താപനില മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന് പ്രതിരോധ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും സിവിൽ ഡിഫൻസ് പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ പൂർണമായും പാലിക്കണം.
വേനൽക്കാലത്ത് അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളുടെ ടയറുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഗുണനിലവാരമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ടയറുകൾ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന വലിയ അപകടങ്ങൾ തടയാൻ ഡ്രൈവർമാർക്ക് കഴിയണം. ടയറുകളുടെ കൃത്യമായ പരിപാലനം ഓരോ ഡ്രൈവറുടെയും ഉത്തരവാദിത്തമാണെന്നും, സുരക്ഷിതമായ ഒരു ട്രാഫിക് സംസ്കാരം വളർത്തിയെടുക്കാൻ എല്ലാവരും മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു. അടിയന്തര ഘട്ടങ്ങളിൽ സഹായം ആവശ്യമുള്ളവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിലുള്ളവർ 998 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

