‘ഗൾഫ് ഭരണാധികാരികളുടെ നയതന്ത്ര നിലപാട് സ്വാഗതാർഹം’
text_fieldsജിദ്ദ: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധത്തേക്കാൾ സമാധാനത്തിന് പ്രാധാന്യം നൽകുന്ന ഗൾഫ് ഭരണാധികാരികളുടെ നയതന്ത്ര നിലപാടുകൾ ഏറെ സ്വാഗതാർഹമാണെന്ന് പ്രബോധകനും ഇസ്ലാഹീ പ്രഭാഷകനുമായ ഫിറോസ് കൊയിലാണ്ടി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ‘നീതി തേടുന്ന ലോകം’ എന്ന വാരാന്ത്യ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ജനതയുടെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി ശത്രുവിനോട് പോലും വിട്ടുവീഴ്ചകൾക്കും സാമ്പത്തിക ഇടപാടുകൾക്കും തയ്യാറാകുന്നത് ഭീരുത്വമല്ലെന്നും, മറിച്ച് അത് ദീർഘവീക്ഷണമുള്ള നീതിബോധമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിന് മുൻഗണന നൽകിയ പ്രവാചക ചര്യയുടെ മാതൃകയാണ് ഭരണാധികാരികളുടെ നീക്കങ്ങളിൽ ദൃശ്യമാകുന്നത്. ശത്രുവിനോടുള്ള വിരോധം നീതികേട് പ്രവർത്തിക്കാൻ കാരണമാകരുത് എന്ന ഖുർആനിക അധ്യാപനം മനുഷ്യർ മുറുകെ പിടിച്ചാൽ ലോകത്ത് നീതിപാലനം എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീതി എന്നത് കേവലം ഭരണകൂടങ്ങളിൽ ഒതുങ്ങേണ്ടതല്ലെന്നും അത് വ്യക്തിയുടെ ദൈനംദിന ജീവിതത്തിൽ പ്രതിഫലിക്കേണ്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ‘നിങ്ങൾ ഓരോരുത്തരും ഭരണാധികാരികളാണ്’ എന്ന പ്രവാചക വചനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുടുംബത്തിലും കച്ചവടത്തിലും സംസാരത്തിലും നീതി പുലർത്താൻ ഏവർക്കും കഴിയണമെന്നും ഫിറോസ് കൊയിലാണ്ടി ചൂണ്ടിക്കാട്ടി. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

