അറേബ്യൻ മരുഭൂമിയിലെ അപൂർവ അതിഥി; സൗദി റോയൽ റിസർവിൽ മരുഭൂ മുള്ളൻപന്നിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു
text_fieldsഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവിൽ കണ്ടെത്തിയ മരുഭൂമിയിലെ മുള്ളൻപന്നി
ജിദ്ദ: സൗദി അറേബ്യയുടെ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവിൽ അപൂർവ ജീവിവർഗത്തിൽപ്പെട്ട മരുഭൂ മുള്ളൻപന്നിയെ കണ്ടെത്തി. അറേബ്യൻ മരുഭൂപ്രദേശങ്ങളിൽ അത്യപൂർവമായി മാത്രം കാണപ്പെടുന്ന ഈ ജീവിയുടെ സാന്നിധ്യം, രാജ്യത്തെ വന്യജീവി സംരക്ഷണ-പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ വൻ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. സസ്യജാലങ്ങളുടെ വിസ്തൃതി വർധിപ്പിക്കുന്നതിനും ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുമായി സൗദി അറേബ്യ നടപ്പാക്കുന്ന ബൃഹത്തായ പദ്ധതികൾ ഫലം കാണുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
മുള്ളൻപന്നി വർഗങ്ങളിൽ ഏറ്റവും വലിപ്പം കുറഞ്ഞ വിഭാഗമാണ് മരുഭൂ മുള്ളൻപന്നികൾ. സാധാരണയായി 14 മുതൽ 28 സെന്റിമീറ്റർ വരെ നീളവും 250 മുതൽ 500 ഗ്രാം വരെ ഭാരവുമാണ് ഇവക്കുള്ളത്. താരതമ്യേന വലിയ ചെവികളും ശരീരത്തിന് പിൻഭാഗത്തെ കട്ടിയുള്ള മുള്ളുകളുമാണ് ഇവയുടെ പ്രധാന സവിശേഷത. വേട്ടക്കാരിൽ നിന്നും ഇരപിടിയന്മാരിൽ നിന്നും സ്വയം രക്ഷനേടാൻ ഈ മുള്ളുകൾ ഇവക്ക് സഹായകമാകുന്നു. റിസർവിനുള്ളിൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് പ്രദേശത്തെ മെച്ചപ്പെട്ട സസ്യ സമൃദ്ധിയെയും സുസ്ഥിരമായ ആവാസവ്യവസ്ഥയെയുമാണ് ചൂണ്ടിക്കാണിക്കുന്നത്.
സൗദി വിഷൻ 2030-ന്റെ പ്രകൃതിസംരക്ഷണ ലക്ഷ്യങ്ങൾക്ക് വലിയ കരുത്ത് പകരുന്ന രീതിയിലാണ് ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രകൃതിദത്ത പരിസ്ഥിതികളുടെ സംരക്ഷണം, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പുനരധിവാസവും പ്രജനനവും, പരിസ്ഥിതി-സുസ്ഥിര വികസന മേഖലകളിൽ ആഗോളതലത്തിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പാക്കൽ എന്നിവ ലക്ഷ്യമിട്ട് അതോറിറ്റി നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഇതോടെ കൂടുതൽ ശ്രദ്ധേയമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

