മൂന്ന് മാസമായി ആശുപത്രിയിലായിരുന്ന ഡൽഹി സ്വദേശിയെ നാട്ടിലെത്തിച്ചു
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ഷുഹൈലിനെ യാത്രയയച്ചപ്പോൾ
നജ്റാൻ: ഹൃദയാഘാതം മൂലം മൂന്നു മാസത്തോളമായി നജ്റാനിലെ കിങ് ഖാലിദ് ആശുപത്രി ഐ.സി.യുവിൽ കഴിഞ്ഞിരുന്ന ഡൽഹി സ്വദേശി ഷുഹൈൽ, കെ.എം.സി.സി സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി.
രണ്ടു വർഷം മുമ്പ് ഡ്രൈവർ വിസയിൽ ബുറൈദയിൽ എത്തിയ ഷുഹൈൽ, സ്പോൺസറുമായുള്ള വാക്കുതർക്കത്തെ തുടർന്ന് വലിയൊരു നഷ്ടപരിഹാരക്കേസിൽ അകപ്പെട്ടിരുന്നു. ഇതിെൻറ പ്രതിസന്ധികൾക്കിടെ നജ്റാനിൽ പുതിയ ജോലി അന്വേഷിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. മൂന്ന് മാസത്തോളം കോമയിലായിരുന്ന ഷുഹൈലിെൻറ വിവരം സുഹൃത്ത് വഴി നജ്റാൻ കെ.എം.സി.സി. പ്രസിഡൻറ് സലീം ഉപ്പളയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നജ്റാൻ, ബുറൈദ കെ.എം.സി.സി. പ്രവർത്തകർ ഇടപെട്ട് സ്പോൺസറുമായി ചർച്ചകൾ നടത്തുകയും, സലീം ഉപ്പളയുടെ ശ്രമഫലമായി സ്പോൺസർ കേസ് ഒത്തുതീർപ്പാക്കാൻ തയ്യാറാവുകയും ചെയ്തു. ഇതോടെ ഷുഹൈലിന് സ്പോൺസർഷിപ്പ് മാറ്റത്തിനും അവസരമൊരുങ്ങി. ഇതിനിടെ ഇദ്ദേഹത്തെ ശുശ്രൂഷിക്കാൻ മാതാപിതാക്കളും സഹോദരനും നാട്ടിൽ നിന്നെത്തിയിരുന്നു.
നിയമക്കുരുക്കുകൾ പൂർണമായി മാറിയതോടെ, തുടർചികിത്സക്കായി കുടുംബത്തോടൊപ്പം വീൽചെയറിെൻറ സഹായത്തോടെ ഷുഹൈൽ ഡൽഹിയിലേക്ക് തിരിച്ചു. പ്രതിസന്ധിഘട്ടത്തിൽ തുണച്ച കെ.എം.സി.സി.ക്കും സലീം ഉപ്പളക്കും നന്ദി പറഞ്ഞാണ് കുടുംബം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

