അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയം നേടും -ഇമ്രാൻ പ്രതാപ് ഗഡി എം.പി
text_fieldsഇമ്രാൻ പ്രതാപ് ഗഡി ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ സംസാരിക്കുന്നു
ദമ്മാം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടി അധികാരത്തിലെത്തുമെന്ന് എ.ഐ.സി.സി ന്യൂനപക്ഷ സെൽ ചെയർമാനും ഉത്തർപ്രദേശിലെ പ്രശസ്ത കവിയുമായ ഇമ്രാൻ പ്രതാപ് ഗഡി എം.പി പറഞ്ഞു. ഹ്രസ്വ സന്ദർശനാർഥം ദമ്മാമിലെത്തിയ ഇമ്രാൻ പ്രതാപ് ഗഡി ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ബി.ജെ.പി നടത്തുന്ന വെറുപ്പിെൻറ കമ്പോളത്തിൽ സ്നേഹത്തിെൻറ കടകൾ തുറക്കുമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ കർണാടകയിലെ ജനങ്ങൾ സ്വീകരിച്ചതുപോലെ രാജ്യമൊട്ടുക്കും അത് ആവർത്തിക്കുമെന്നുറപ്പാണ്.
കോൺഗ്രസിൽനിന്നും അകന്നുപോയ ന്യൂനപക്ഷങ്ങൾ വീണ്ടും കോൺഗ്രസിലേക്ക് തിരികെ വരുകയാണ്. കഴിഞ്ഞ ഒമ്പതര വർഷത്തെ മോദിയുടെ ഭരണം ജനജീവിതം ദുസ്സഹമാക്കി. ജാതിയുടെയും മതത്തിെൻറയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബി.ജെ.പി, രാജ്യത്തിെൻറ പൊതുസമ്പത്ത് ഏതാനും വ്യവസായ കുത്തകകൾക്ക് തീറെഴുതിക്കൊടുത്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ വൈസ് പ്രസിഡൻറ് അഹ്മദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഇമ്രാൻ പ്രതാപ് ഗഡി എം.പിയുമായുള്ള ചോദ്യോത്തരവേളക്ക് ഗ്ലോബൽ വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ് തുടക്കം കുറിച്ചു. അബ്ദുൽ മജീദ് (കെ.എം.സി.സി), നിഷാദ് കുഞ്ചു, മുഹമ്മദ് ഫിറോസ് (ഉത്തർപ്രദേശ്), ലൈജു, ഹമീദ് മരക്കാശ്ശേരി, ജാഫർ പെരിന്തൽമണ്ണ, ഷിജില ഹമീദ് തുടങ്ങിയവർ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ജനറൽ സെക്രട്ടറി ഇ.കെ. സലിം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

