പ്രവാസി പുനരധിവാസത്തിന് സമ്പൂർണ പദ്ധതി നടപ്പാക്കും –എം.എം. ഹസൻ
text_fieldsജിദ്ദ പ്രവാസി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എം.എം. ഹസൻ, പി.എം.എ. സലാം, എം.പി. അബ്ദുസ്സമദ് സമദാനി, കെ.പി.എ. മജീദ് എന്നിവർ സംസാരിക്കുന്നു
ജിദ്ദ: ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പ്രവാസികളുടെ പുനരധിവാസത്തിന് സമ്പൂർണവും വ്യവസ്ഥാപിതവുമായ രീതിയിൽ പദ്ധതികൾ തയാറാക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. ജിദ്ദ പ്രവാസി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ എമിഗ്രഷൻ ഇനത്തിൽ പ്രവാസികളിൽനിന്ന് ഈടാക്കിയ പതിനായിരക്കണക്കിന് കോടി രൂപ വിനിയോഗിക്കാതെ കിടക്കുന്നുണ്ടെന്നും ആ തുകകൂടി വിനിയോഗിച്ചാവും പുനരധിവാസ പദ്ധതിയും പാക്കേജും സാധ്യമാക്കുകയെന്നും ഹസൻ വ്യക്തമാക്കി. കോൺഗ്രസ് മുക്ത ഭാരതത്തിനു സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചിരിക്കുകയാണെന്നും മുെമ്പാന്നും കാണാത്ത വിധത്തിലുള്ള അന്തർധാര ഇവർ തമ്മിൽ ശക്തമാണെന്നും ഹസൻ കൂട്ടിച്ചേർത്തു.
കോവിഡ് കാലത്ത് പ്രവാസികളെ അവഗണിക്കുകയും മടങ്ങിവരുന്ന പ്രവാസികളുടെ യാത്രക്ക് തടസ്സമുണ്ടാക്കുകയും ചെയ്ത ഇടതു സർക്കാറിനെതിരെ പ്രവാസി കുടുംബങ്ങൾ വോട്ടുചെയ്യണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ആവശ്യപ്പെട്ടു. താൻ രാജ്യസഭയിൽ അംഗമായിരിക്കുമ്പോൾ നിരവധി പ്രവാസി പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിച്ച് പരിഹാരമുണ്ടാക്കിയിട്ടുണ്ടെന്നും എയർഇന്ത്യ എക്സ്പ്രസ് പോലെ ചെലവ് കുറഞ്ഞ വിമാന സർവിസ് എന്ന ആശയം ആദ്യമായി താനാണ് രാജ്യസഭയിൽ അവതരിപ്പിച്ചതെന്നും മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർഥി എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു.
അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും വഴി സംസ്ഥാനത്തെ കടക്കെണിയിലാക്കിയ ഇടത് സർക്കാറിനെ താഴെയിറക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം സ്ഥാനാർഥി കെ.പി.എ. മജീദ് അഭ്യർഥിച്ചു. ഓൺലൈനായി സംഘടിപ്പിച്ച കൺവെൻഷനിൽ പ്രവാസി യു.ഡി.എഫ് ചെയർമാൻ കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. അഹമ്മദ് പാളയാട്ട്, കെ.എം. ശരീഫ് കുഞ്ഞു, വി.പി. മുസ്തഫ, അബ്ദുൽ മജീദ് നഹ, സക്കീർ ഹുസൈൻ എടവണ്ണ, മജീദ് പുകയൂർ, ചെമ്പൻ അബ്ബാസ്, ഇക്ബാൽ പൊക്കുന്ന്, നസീർ ബാവ കുഞ്ഞു, ശിഹാബ് താമരക്കുളം, വി.പി. അബ്ദുറഹ്മാൻ, ഹബീബ് കല്ലൻ, റഹൂഫ് തിരൂരങ്ങാടി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അബൂബക്കർ സ്വാഗതവും ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

