എല്‍.കെ. ഇൻറർനാഷനൽ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ‘കോലൈസി’ന് പുരസ്കാരം
text_fieldsഎല്‍.കെ. ഇൻറർനാഷനൽ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ‘കോലൈസ്’ ഹ്രസ്വചിത്രത്തിനുള്ള അവാർഡ് വി.കെ. ജോസഫില്‍ നിന്നും അബ്ദുല്ല മുക്കണ്ണി അവാർഡ് വാങ്ങുന്നു
ജിദ്ദ/കൊച്ചി: രണ്ടാമത് എല്‍.കെ. ഇൻറർനാഷനൽ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജിദ്ദയിലെ പ്രവാസി കൂട്ടായ്മ പുറത്തിറക്കിയ ‘കോലൈസ്’ എന്ന ഹ്രസ്വചിത്രം പുരസ്കാരത്തിന് അര്‍ഹമായി. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ 1200-ഓളം ചിത്രങ്ങളോട് മത്സരിച്ച്, അവസാന വട്ട പട്ടികയില്‍ ഇടംപിടിച്ച മികച്ച 30 സിനിമകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടാണ് ‘കോലൈസ്’ ഈ നേട്ടം കൈവരിച്ചത്.
കൊച്ചി ഗോകുലം കണ്വെന്ഷന് സെൻററില്‍ നടന്ന ചടങ്ങില്‍ വെച്ച് എഴുത്തുകാരനും പ്രശസ്ത ചലച്ചിത്ര നിരൂപകനുമായ വി.കെ. ജോസഫില്‍ നിന്നും ചിത്രത്തിെൻറ കഥാകൃത്തും നിർമാതാവുമായ അബ്ദുല്ല മുക്കണ്ണി പുരസ്കാരം ഏറ്റുവാങ്ങി. സിംഗപ്പൂരില്‍ നിന്നുള്ള പ്രശസ്ത ചലച്ചിത്ര നിരൂപകന് ഫിലിപ്പ് ചിയ ഉദ്ഘാടനം ചെയ്ത ചലച്ചിത്ര മേളയില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജേഷ് പുത്തന്‍പുരയില്‍ സ്വാഗതം ആശംസിച്ചു.
പ്രശസ്ത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് മുഖ്യാതിഥിയായി പങ്കെടുത്ത സമാപന ചടങ്ങോടെയാണ് രാജ്യാന്തര പ്രശസ്തിയുള്ള ഈ ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണത്. മലയാള സിനിമയുടെ ഗൃഹാതുരമായ ഭാവങ്ങളെയും ഗ്രാമീണ സ്മരണകളെയും ആഴത്തില്‍ ആവിഷ്കരിക്കുന്ന ‘കോലൈസ്’, അമ്മയും മക്കളും തമ്മിലുള്ള ആത്മബന്ധത്തിെൻറ കഥയാണ് പറയുന്നത്. അബ്ദുല്ല മുക്കണ്ണിയുടെ ചെറുകഥയെ ആസ്പദമാക്കി അലി അരിക്കത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മുക്കണ്ണി ക്രിയേഷന്സിെൻറ ബാനറില്‍ നിർമിച്ച ചിത്രത്തിെൻറ ഛായാഗ്രഹണം ഫെബിന് ആറ്റുപുറമാണ് നിർവഹിച്ചത്. ഗായിക സോഫിയ സുനില്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ജെ.കെ. സുബൈര്‍, റിഷാന് റിയാസ്, ബീഗം ഖദീജ, ഷാജി, അയ്യൂബ് മാസ്റ്റര്‍, നാസര്‍ ശാന്തപുരം, മൈമൂന, സിമി സുകുമാരന്‍, ശംസു, അലി തുവ്വൂര്‍, നിസാര്‍ കരുനാഗപ്പള്ളി, സിയ ഷാജു തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും നിരൂപകരും പങ്കെടുത്ത മേളയില്‍ പ്രവാസി മലയാളികളുടെ ഈ കലാസൃഷ്ടി ഏറെ ശ്രദ്ധിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

