കേസുകൾ വേഗത്തിൽ തീർപ്പാക്കണം: പ്രോസിക്യൂഷൻ തലവൻമാരോട് നിർദേശിച്ച് അറ്റോണി ജനറൽ
text_fieldsറിയാദ്: പബ്ലിക് പ്രോസിക്യൂഷൻ രംഗത്ത് നേതൃത്വങ്ങളെ കൂടുതൽ ശാക്തീകരിക്കുന്നതിനും കൂടുതൽ മികവോടെ നിയമസംവിധാനം മുന്നോട്ടു കൊണ്ടുപോകുന്നതിനും വകുപ്പ് സജീവമായി രംഗത്തുണ്ടെന്ന് സൗദി അറേബ്യൻ അറ്റോർണി ജനറലും പബ്ലിക് പ്രോസിക്യൂഷൻ കൗൺസിൽ ചെയർമാനുമായ ഡോ. ഖാലിദ് അൽ യൂസഫ് വ്യക്തമാക്കി.
രാജ്യത്തെ വിവിധ പ്രവിശ്യകളിൽ പുതുതായി ചുമതലയേറ്റ പ്രോസിക്യൂഷൻ മേധാവികളുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ഊന്നിപ്പറഞ്ഞത്. പുതുതായി ചുമതലയേറ്റ പ്രോസിക്യൂഷൻ തലവന്മാരെ അദ്ദേഹം കൂടിക്കാഴ്ചയുടെ തുടക്കത്തിൽ അഭിനന്ദിച്ചു. അതോടൊപ്പം, അവർ കൈക്കൊള്ളുന്ന ഓരോ പദവിയും വലിയ ഉത്തരവാദിത്തം നിറഞ്ഞതാണെന്നും സത്യസന്ധതയോടും ആത്മാർഥതയോടും വിശ്വസ്തതയോടും കൂടി വേണം കർത്തവ്യങ്ങൾ നിർവഹിക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പൊതുജനങ്ങളുടെയും വിദേശി താമസക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്താൻ അദ്ദേഹം നിർദേശിച്ചു. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിക്കൊണ്ട് ഫയലുകളിലും കേസുകളിലും ദ്രുതഗതിയിലും കൃത്യതയോടും കൂടി തീർപ്പു കൽപിക്കേണ്ടതുണ്ട്. ഇത് സേവനം തേടി എത്തുന്ന ഗുണഭോക്താക്കൾക്ക് കൂടുതൽ ഗുണനിലവാരമുള്ള അനുഭവം ഉറപ്പാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവിധ ഗവർണറേറ്റുകളിലെ പ്രോസിക്യൂഷൻ പ്രവർത്തനങ്ങളിൽ കൃത്യമായ മേൽനോട്ടവും നിരന്തരമായ നിരീക്ഷണവും ആവശ്യമാണ്. രാജ്യത്തിെൻറ ഭരണനേതൃത്വം വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരുന്നതിന് കേസുകളുടെ നടപടികൾ വേഗത്തിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീതിന്യായ പരിപാലനവും സുതാര്യതയും ഉറപ്പാക്കുന്നതോടൊപ്പം സ്ഥാപനപരമായ മികവ് കൈവരിക്കാനും പ്രോസിക്യൂഷൻ കൗൺസിൽ പ്രതിജ്ഞാബദ്ധമാണ്. വ്യക്തിസ്വാതന്ത്ര്യങ്ങളും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെ രാജ്യത്തെ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും കൂടിക്കാഴ്ചയുടെ സമാപനത്തിൽ അറ്റോണി ജനറൽ ഡോ. ഖാലിദ് അൽ യൂസഫ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

