വെടിയേറ്റു മരിച്ച ബഷീർ അസ്സൈനാരുടെ മൃതദേഹം നാട്ടിലയച്ചു
text_fieldsബഷീർ
അസ്സൈനാർ
ബിഷ: മൂന്നാഴ്ച മുമ്പ് ബിഷയിൽ വെടിയേറ്റു മരിച്ച കാസർകോട് സ്വദേശി ബഷീർ അസ്സൈനാരുടെ മൃതദേഹം നാട്ടിലയച്ചു. സൗദി പൗരന്റെ വെടിയേറ്റാണ് കാസർകോട് ബന്തടുക്ക ഏണിയാടി സ്വദേശി ബഷീർ അസ്സൈനാർ മരിച്ചത്. ഒമ്പത് വർഷമായി ബിഷക്ക് സമീപം നാഖിയയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
വെടിവെച്ചതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. ബിഷ കിങ് അബ്ദുല്ല ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ബിഷയിൽനിന്ന് ജിദ്ദയിലെത്തിച്ച് അവിടെനിന്ന് ഡൽഹി, ഹൈദരാബാദ് വഴി കോഴിക്കോട് വിമാനത്താവളത്തിലേക്കാണ് എത്തിച്ചത്. വ്യാഴാഴ്ച രാത്രി എട്ടിന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. നോർക്കയുടെ ആംബുലൻസിൽ മൃതദേഹം കാസർകോട് ബന്തടുക്ക ഏണിയാടി വീട്ടിലെത്തിച്ചു. ബന്തടുക്ക ഏണിയാടി ജുമുഅത് പള്ളിയിൽ വെള്ളിയാഴ്ച രാവിലെ എട്ടിന് ജനാസ നമസ്കാരം നടത്തി ഖബറടക്കും.
നിയമനടപടി പൂർത്തിയാക്കുന്നതിന് ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ അംഗവുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ ബഷീറിന്റെ കുടുംബം ചുമതലപ്പെടുത്തിയിരുന്നു. നിയമനടപടികൾ പൂർത്തിയാക്കാൻ വേണ്ടിയും നിയമസഹായത്തിനും മറ്റും ഐ.സി.എഫ് റിയാദ് സെക്രട്ടറി കരീം ഇബ്രാഹിമും ബിഷയിൽ നിന്ന് മുജീബ് സഖാഫിയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

